2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

നിസ്സഹായരായ/അടിമകളായ വോട്ടര്‍മാര്‍

ഹജ്ജ് യാത്രയെപ്പറ്റിയുള്ള വാര്‍ത്ത വായിച്ച് മനസ്സിനൊരു സുഖവുമില്ല. പടച്ചവനേ, ഹജ്ജിന് പോകാന്‍ തയ്യാറായ എല്ലാവരെയും ഇക്കൊല്ലം തന്നെ ആ പുണ്യഭൂമിയിലെത്തിക്കണേ. ഒരാളെയും സങ്കടത്തില്‍ പെടുത്തല്ലേ തമ്പുരാനേ... ആമീന്‍.
ഇലക്ഷന്‍ വര്‍ക്കിന്റെ അവസാന ദിനങ്ങളാണ് ഇന്നും നാളെയും. 'ചെയ്തു പഠിക്കുക' എന്ന ഏറ്റവും പുതിയ വിദ്യാഭ്യാസക്രമത്തിനനുസരിച്ച് രാഷ്ട്രീയരംഗത്തെ പഠിക്കാന്‍ കഴിയുന്നുണ്ട്. മൊത്തത്തില്‍, നാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ഒരൊറ്റയാള്‍ക്കും ഇല്ല വിരോധം. ഒരുപാട് മനുഷ്യരുടെ ഉള്ളില്‍ കയറിയിറങ്ങി; മൂന്നുനാല് സ്‌ക്വാഡുകളിലൂടെ. നിങ്ങളില്‍ പലര്‍ക്കും കിട്ടാത്ത അനുഭവങ്ങളുടെ ഭാണ്ഡങ്ങളുമായാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇത്രയും വ്യാപകമായ സ്‌ക്വാഡ്‌വര്‍ക്ക് നടത്താന്‍ ഒരു നവോത്ഥാന സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കാരണം, ഉദാഹരണത്തിന് ഞങ്ങളുടെ എറിയാട് പഞ്ചായത്ത്. 19 വാര്‍ഡുകളിലും വിശാലമായ അഭിമുഖങ്ങള്‍ നടന്നു. പ്രചാരണവാഹനത്തില്‍ ഓരോ വാര്‍ഡിലും മൂന്ന് സ്ഥലങ്ങളില്‍ ജനപക്ഷ വികസനത്തെപ്പറ്റി സംസാരിക്കപ്പെട്ടു. അതിനുശേഷം നടന്ന സ്‌ക്വാഡുകളില്‍ വന്‍സ്വീകാര്യതയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ 100 ശതമാനം വിജയം അവകാശപ്പെടുന്നില്ലെങ്കിലും 90 ശതമാനം ഉറപ്പുണ്ട്. കാരണം, അത്രയ്ക്ക് പങ്കിലമായ ഇടമാണ് തിരഞ്ഞെടുപ്പ് പ്രചാരണം.
വ്യക്തിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തിത്വങ്ങളെയാണ് വികസനസമിതിക്കാര്‍ സ്ഥാനാര്‍ഥികളായി നിര്‍ത്തിയിട്ടുള്ളത്. അതിനാല്‍, ഭീകരരാണ്, വിഘടനവാദികളാണ്, ഖബര്‍ സിയാറത്ത് ഇല്ലാത്തവരാണ്, യാസീന്‍ ഇല്ലാത്തവരാണ് എന്നൊക്കെ പരമ്പരാഗത ചീത്തപറച്ചിലുകള്‍ മാത്രമേയുള്ളൂ. കൂടാതെ, ജമാഅത്തുകാര്‍ ജയിച്ചാല്‍ അവര്‍ക്ക് ഗവണ്മെന്റില്‍നിന്ന് കാശ് കിട്ടില്ല എന്നുവരെ പറഞ്ഞുപിടിപ്പിക്കുന്നു.
കടിച്ചാല്‍ പൊട്ടാത്ത ഒരു യു.ഡി.എഫുകാരനുമായി സംസാരിച്ചു. ഒരക്ഷരം അദ്ദേഹം ഞങ്ങളോട് മിണ്ടുന്നില്ല. ചിന്തിക്കുന്നുണ്ട്! അവസാനം, എല്ലാവരും മാറിയപ്പോള്‍ ഞാനദ്ദേഹത്തോട് ചോദിച്ചു: 'ചേട്ടാ, എന്താണ് ഞങ്ങളിത്രയും സംസാരിച്ചിട്ട് ഒന്നും മിണ്ടാത്തത്?' അദ്ദേഹം ഒറ്റയ്ക്കായപ്പോള്‍ മനസ്സ് തുറക്കാന്‍ തുടങ്ങി. ടീച്ചറേ, ഞങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ യു.ഡി.എഫുകാരാണ്. പിന്നെ, എങ്ങനെയാണ് മാറ്റിച്ചെയ്യുക? അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ വാര്‍ഡില്‍ രണ്ട് യു.ഡി.എഫ് ഉണ്ടല്ലോ. അപ്പോള്‍ ചേട്ടന്‍ ആര്‍ക്ക് ചെയ്യും? വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രണ്ട് സ്ഥാനാര്‍ഥികള്‍. അപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല വീണ്ടും. ചിന്തതന്നെ. മിണ്ടാതായപ്പോള്‍ ഞാന്‍ ചോദിച്ചു: 'ബി.ജെ.പിക്ക് ചെയ്യോ?' ഉടന്‍ ചാടി മറുപടി: 'ഏയ്... ഇല്ലില്ല...'

പാവം മനുഷ്യന്‍ ചിന്തിക്കുന്നുണ്ട് നന്നായി. പരമ്പരാഗതമായി കുത്തിപ്പോന്ന ചിഹ്നത്തില്‍ കുത്തും. മാറിച്ചിന്തിക്കാന്‍ കരുത്തില്ലാത്തവിധം അടിമപ്പെട്ടുപോയിരിക്കുന്നു.

മറ്റൊരു പെണ്‍കുട്ടി. അവള്‍ പറയുന്നു: 'ടീച്ചറേ, അഴിമതിയില്ലാതെ ഭരിക്കാന്‍ പറ്റുമോ' എന്ന്. അവളുമായി ഒരുപാട് സമയം സംസാരിച്ചു. നല്ല ചിന്തിക്കുന്ന പെണ്‍കുട്ടി. ഒരു കാര്യം; എല്ലാവരും ഈ ദുര്‍ഭരണങ്ങള്‍ മടുത്തിരിക്കുന്നു. രാഷ്ട്രീയക്കാര്‍ നെറിവില്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ദീര്‍ഘമായ അടിമത്തത്തില്‍നിന്ന് മോചിതരാകാന്‍ സമയമെടുക്കും.

ഒരു സി.പി.ഐക്കാരന്റെ സംസാരം നമ്മില്‍ ശരിക്കും ആത്മവിശ്വാസം ഉണ്ടാക്കും. ടീച്ചര്‍, നിങ്ങളൊക്കെ ജയിച്ചാല്‍, പിന്നെ മരണംവരെ നിങ്ങള്‍ തോല്‍ക്കില്ല. മറ്റൊരാളും ആ വാര്‍ഡുകളില്‍ പിന്നെ ജയിക്കില്ല. കാരണം, നിങ്ങള്‍ സത്യസന്ധരും കാര്യശേഷിയുള്ളവരുമാണ്. അതാണ് ഞങ്ങളെ കുഴയ്ക്കുന്നത്! രാഷ്ട്രീയ പ്രതിയോഗി പോലും അങ്ങനെ പറയുമ്പോള്‍ നമുക്ക് കിട്ടന്ന കരുത്ത്! തീര്‍ച്ചയായും, ആ കരുത്താണ്‌ ഈ ജനതയെ വളര്‍ത്തുന്നതില്‍ നമ്മുടെ ഏക കൈമുതല്‍...
 
http://sabiteacher.blogspot.com/

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

പുതിയ വസന്തം / ഗാനം

രണനിലമിതിലൊരു പുതിയ വെളിച്ചം
തുണയായിരുളുമുറിച്ചുവരുന്നു
അണിയണിയായൊരു പുതിയവസന്തം
പണിയാനെത്തീ ജനകീയൈക്യം.(2)

പഴകിദ്രവിച്ച വാഗ്ദാനപ്പൊയ്യുകള്‍
പിച്ചിയെറിഞ്ഞ് വീണ്ടെടുത്തീടാം
നാട്ടിയ കൊടിനിറനിഴലുകളില്‍ നി-
ന്നൂറ്റിയ മലനാടിന്‍ വിയര്‍പ്പുകള്‍
വിപ്ലവപ്പേരില്‍‍ ചിന്തിയ ചോരകള്‍
ചതികളില്‍ പതറിയ തെരുവോരങ്ങള്‍
(രണനിലമിതിലൊരു….)

വികസനഭ്രാന്തിന്നാര്‍‌ത്തിയില്‍ മണ്ണിത്
വിറ്റുതുലക്കാന്‍ നോക്കിയ പരിശകള്‍
വിരട്ടിനിറുത്താന്‍ പാകിയ കൊടികള്‍
ചുരുട്ടിയെറിഞ്ഞുണരുക വീറാല്‍
കട്ടുനടന്ന കലികാലം കടന്നുപോയ്
നാട്ടുകാരൊന്നായ് ശബ്ദിക്കുന്നിതാ
(രണനിലമിതിലൊരു…..)
ഇനിയിക്കൈകള്‍ കരുത്തേറിയതാം
കിനിയും നാടിന്‍ കണ്ണീരൊപ്പാന്‍
പൊതുജനസേവനയിടങ്ങളിലെല്ലാം
പുതിയൊരു ചരിതമെഴുതിച്ചേര്‍ക്കാന്‍
(രണനിലമിതിലൊരു….)

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

സ്ഥാനാര്‍ഥിക്ക് ബോര്‍ഡെഴുതാന്‍ സ്ഥാനാര്‍ഥി തന്നെ

ഗുരുവായൂര്‍:കണ്ണട ചിഹ്നത്തില്‍ ഹുസൈന്‍ വലിയകത്തിനെ വിജയിപ്പിക്കുക-വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഈ ബോര്‍ഡ് എഴുതുന്നത് മറ്റാരുമല്ല, സ്ഥാനാര്‍ഥി തന്നെയാണ്. ഗുരുവായൂര്‍ നഗരസഭയിലെ 20-ാം വാര്‍ഡായ പഞ്ചാരമുക്കില്‍ മത്സരിക്കുന്ന ജനകീയ വികസന സമിതി സ്ഥാനാര്‍ഥിയാണ് ഹുസൈന്‍. ഇദ്ദേഹം അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റു കൂടിയാണ്. അതുകൊണ്ട് ബോര്‍ഡെഴുത്തിനും മറ്റു ഡിസൈനിങ്ങിനുമൊക്കെ ആരെയും ആശ്രയിക്കേണ്ടതില്ല.ബോര്‍ഡെഴുതാന്‍ മറ്റു സ്ഥാനാര്‍ഥികളും ഹുസൈനിനെ സമീപിച്ചിരുന്നു. പക്ഷേ താന്‍ സ്ഥാനാര്‍ഥിയായതിനാല്‍ മറ്റുള്ളവരെ വിജയിപ്പിക്കണമെന്ന് ബോര്‍ഡെഴുതാന്‍ ഹുസൈന്‍ തയ്യാറല്ല.

86-ല്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഹുസൈന്‍, പരിസ്ഥിതിപ്രവര്‍ത്തകനും സാംസ്‌കാരികപ്രവര്‍ത്തകനുമാണ്. ‘മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു കണ്ണടകള്‍ വേണം’-മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിത ചൊല്ലിയായിരിക്കും താന്‍ പ്രചാരണത്തിനിറങ്ങുകയെന്നും സ്ഥാനാര്‍ഥി പറയുന്നു. തന്റെ പ്രചാരണ ബോര്‍ഡുകളിലും ഈ വരികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
 
Friday, September 17 2010-മാതൃഭൂമി

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

മുദ്രാവാക്യങ്ങള്‍

ജനകീയവികസനമുന്നണിയുടെ പ്രചാരണപ്രവര്‍‌ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ചില വാചകങ്ങളിതാ.

1. ഇനി അധികാരം ജനങ്ങള്‍ക്ക്.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.


2. നാടിന്റെ വികസനം ജനഹിതം മാനിച്ച് മാത്രം.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.


3. രാഷ്ട്രസേവനത്തെ
പാര്‍‌ട്ടിസങ്കുചിതത്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍‌
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.

4. രാഷ്ട്രീയമെന്നാല്‍
പാര്‍ട്ടിപോഷണമല്ല, രാഷ്ട്രസേവനമാണ്.
ജനപക്ഷരാഷ്ട്രീയത്തെ പിന്തുണക്കുക.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.


5. അധികാരധൂര്‍‌ത്തരെ താഴേയിറക്കൂ,
നാടിന്റെ പുരോഗതി സാധ്യമാക്കൂ.
ജീര്‍ണ്ണകക്ഷിരാഷ്ട്രീയത്തെ പരാജയപ്പെടുത്തുക,
ജനപക്ഷരാഷ്ട്രീയത്തെ വിജയിപ്പിക്കുക.

6. അധികാരം ചക്കരക്കുടമല്ല, ഉത്തരവാദിത്തമാണ്.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.

7. ജനസേവനം ഔദാര്യമല്ല, ജനാധിപത്യാവകാശമാണ്.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.


8. തദ്ദേശഭരണകേന്ദ്രങ്ങളെ
കെടുകാര്യസ്ഥതയില്‍ നിന്ന് മോചിപ്പിക്കുക.
ജീര്‍ണ്ണകക്ഷിരാഷ്ട്രീയത്തെ പരാജയപ്പെടുത്തുക,
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക.


9. തെരഞ്ഞെടുപ്പ് ആഘോഷമല്ല,
നമ്മുടെ അവകാശം അടയാളപ്പെടുത്താനുള്ള അവസരമാണ്.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക

10. കക്ഷിരാഷ്ട്രീയത്തെ വളര്‍‌ത്താനല്ല,
നാടിന്റെ വളര്‍‌ച്ചക്കാവട്ടെ ഓരോ വോട്ടും.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക


11. ഗാന്ധിജി വിഭാവനം ചെയ്ത
ഗ്രാമസ്വരാജ് പൂര്‍‌ണ്ണമായി പുലരാന്‍‌
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക


12. അഴിമതിവീരന്മാരെ
അധികാരത്തില്‍ നിന്ന് അകറ്റിനിര്‍‌ത്തുക.
ജനകീയവികസനമുന്നണിയെ വിജയിപ്പിക്കുക

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

കൊല്ലം ജില്ലയില്‍ ജനകീയ വികസന മുന്നണി സജീവം

കൊല്ലം ജില്ലയില്‍ ജനകീയ വികസന മുന്നണി 20 പഞ്ചായത്തുകളില്‍ നിന്ന് 47 വാര്‍ഡുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ 6 വാര്‍ഡുകളിലും കോര്‍പ്പറേഷനില്‍ 2 ഡിവിഷനുകളിലും ജനവിധി തേടുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിനുകളിലും വെളിനല്ലൂര്‍ ജില്ലാ പഞ്ചായത്ത് #ിവിഷനിലും ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബി.എസ്.പി, എം.സി.പി.യു ഐ, വെളിച്ചിക്കാല ആക്ഷന്‍ കൗണ്‍സില്‍, മറ്റ് പ്രാദേശിക സമര സമിതികള്‍ തുടങ്ങിയവ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നുണ്ട്. ചിയയിടങ്ങളില്‍ കെ.പി.എം.എസ്, വീര ശൈവ മഹാ സഭ തൂടങ്ങിയ സംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.


കൊല്ലം ജില്ലയില്‍ മത്സരരംഗത്തുള്ള ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍

കൊല്ലം കോര്‍പ്പറേഷന്‍

കുരിപ്പുഴ - ലിസിലി അന്‍സര്‍ , കരിക്കോട് - ബാഹിയാ ടീച്ചര്‍



കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

മുസ്ലിം എല്‍.പി.എസ്(11)- അബ്ദുല്‍ ജലീല്‍, പറങ്കിമാം മുകള്‍(12) - രജനി, വാര്‍ഡ് 24- നദീറ നാസര്‍, മാന്‍ നിന്ന വിള (29)- മുഹമ്മദ് സലീം, പണിക്കരുകടവ്് (30)- സത്യന്‍, എസ്.കെ.വി (31)- ഷാഹിന ഇസ്മായില്‍



കുളത്തൂപ്പുഴ പഞ്ചായത്ത്

മഠത്തില്‍കോണം(2)- ബാദുഷാബീവി, അമ്പലം(7)-ശ്രീലത. എസ്., ഡാലി(10)- അജയന്‍ കാണി, സാംനഗര്‍(14)- ഒ.ബിന്ദു, നെല്ലിമൂട്(15), അബ്ദുല്‍ വഹാബ്, തിങ്കള്‍കരിക്കം(16)- മുംതാസ്, ചെറുകര(20)- ജയപ്രകാശ്



ഏരൂര്‍ പഞ്ചായത്ത്

പത്തടി (11)- ഒ.ഖാലിദ്, അയിലറ -വേലപ്പന്‍ നായര്‍



അഞ്ചല്‍ പഞ്ചായത്ത്

വട്ടമണ്‍(12)- ബിന്ദുചന്ദ്രന്‍



അലയമണ്‍ പഞ്ചായത്ത്

പുത്തയം (13)- റ്റി.എ റയ്ഹാനത്ത്



കുമ്മിള്‍ പഞ്ചായത്ത്

പുതുക്കോട് - ജുബൈരിയ ടീച്ചര്‍, വട്ടത്താമര- ഹസീനകാമില്‍, സംബ്രമം- കാസിം



നിലമേല്‍ പഞ്ചായത്ത്

പുതുശ്ശേരി- ലത്തീഫാ ബീവി, മുരുക്കുമണ്‍- സീതാ സുന്ദരന്‍, ചേറാട്ടുകുഴി- ഷാഹിദ, നെടുമ്പച്ച - അബ്ദുല്‍ മജീദ്, കൈതോട്- ഉമര്‍



ചിതറ പഞ്ചായത്ത്

വളവുപച്ച- അഷ്‌റഫ്



ഇളമാട് പഞ്ചായത്ത്

തോട്ടത്തറ- പ്രസാദ്, കാരാളികോണം- ഹിലാല്‍ മുഹമ്മദ്, പൂതൂര്‍- നൗഫിദ



ഇട്ടിവ പഞ്ചായത്ത്

കീഴ്‌തോണി - അബ്ദുല്‍ സലാം



ചടയമംഗലം പഞ്ചായത്ത്

മൂലംകോട് - സലിം കൊട്ടുമ്പുറം



വെളിനല്ലൂര്‍ പഞ്ചായത്ത്

ആക്കല്‍ - സബീദാ ടീച്ചര്‍, മോട്ടോര്‍കുന്ന്- എ അബ്ബാസ്, റോഡുവിള- നജിയാ ടീച്ചര്‍, സി.വി നല്ലൂര്‍- നതീജ, നട്ടപ്പാറ - മുതാസ്, 504 - സലിം, ചെങ്കൂര്‍- നൂര്‍ജഹാന്‍, മുളയിറച്ചാല്‍- അബ്ദുല്‍ മജീദ്, മീയന- ജുബൈരിയ ഹമീദ്, ഉഗ്രന്‍കുന്ന്- ഷംസീര്‍



പത്തനാപുരം പഞ്ചായത്ത്

കാരമൂട്- നാജിഹ ടീച്ചര്‍, നടുമുരുപ്പ് - ഷൈലജ ടീച്ചര്‍, നടുക്കുന്നു തെക്ക്- അനസ്



വിളക്കുടി പഞ്ചായത്ത്

കുന്നിക്കോട് - വി.നിസാമുദ്ദീന്‍, കാര്യറ- ലൈലാ ടീച്ചര്‍



തൊടിയൂര്‍ പഞ്ചായത്ത്

പുലിയീര്‍ വഞ്ചി- മുഹമ്മദ് സാദിക്ക്



കെ.എസ്. പുരം പഞ്ചായത്ത്

പുത്തന്‍ തെരുവ്- ഷാഹിദ ഷംസുദ്ദീന്‍



ഓച്ചിറ പഞ്ചായത്ത്

മേമന- ഫാത്തിമ ടീച്ചര്‍



ക്ലാപ്പന പഞ്ചായത്ത്

പ്രയാര്‍ സൗത്ത്- സലീന



നെടുമ്പന പഞ്ചായത്ത്

മലേവയല്‍ - ഷമീര്‍ നമ്പ്യാതിയില്‍



തൃക്കോവില്‍വട്ടം പഞ്ചായത്ത്

കണ്ണനല്ലൂര്‍ ടൗണ്‍- യൂസുഫ് കുഞ്ഞ്



തൃക്കടവൂര്‍ പഞ്ചായത്ത്

വെട്ടുവിള- റഹീമത്ത്



ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ഓയൂര്‍- ഹൈറുന്നിസ, അമ്പലംകുന്ന് - ആയിഷ



ജില്ലാപഞ്ചായത്ത് വെളിനല്ലൂര്‍ ഡിവിഷന്‍

ഡോ. കെ.എ വാഹിദ്

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനകീയ മുന്നോട്ടു വെച്ചിട്ടു ള്ള ഐക്യവേദി പന്ത്രണ്ടിന പരിപാടിയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു നാടകം സിവിക് ചന്ദ്രൻ രചിച്ചിട്ടുണ്ട്. തെരുവു നാടകത്തിന്റെ രൂപത്തിലുള്ളതാണിത്. 
അതിന്റെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു


കാണികൾക്ക് നടുവിൽ അല്പം ഉയർന്ന പീഠത്തിലിരുന്ന് തട്ടിയും മുട്ടിയും ഊ
തിയും ഒരു തട്ടാൻ. പേടിച്ചിട്ടെന്ന പോലെ തട്ടാൻ എന്തുചെയ്യുന്നുവെന്ന് 
പാളി നോക്കുന്നൊരു പൂച്ച. ഓരോ തവണയും പൂച്ചയെ ഓടിക്കുന്ന തട്ടാൻ.
ഈ അരങ്ങിലേക്ക് കഴുത്തിൽ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളുമായി
കുറച്ച് പേർ. Stylized ചലനങ്ങൾ. ആൾക്കൂട്ടത്തിനിടയിലൂടെ പല ഭാ
ഗത്തു നിന്നായി.
കോറസ്:

വരവായി, ഞങ്ങൾ വരവായി,
വരാതെ എന്ത് ചെയ്യാൻ!
അതിനാൽ വരവായി, ഞങ്ങൾ വരവായി.
ജനാധിപത്യത്തിലെ ഏറ്റവും വലിയ ന്യൂയിസൻസ്
ഈ ജനങ്ങളാണ്.
അയ്യഞ്ചു കൊല്ലം കൂടുമ്പോൾ
എല്ലാ എമ്പോക്കികളേയും കഴുവേറികളേയും
വിറകു വെട്ടികളേയും വെള്ളം കോരികളേയും
അണ്ടനേയും അടകോടനേയും
കാലു തൊട്ടു തൊഴണമല്ലോ,
വിലയേറിയ വോട്ടിനുവേണ്ടി കൈ കൂപ്പി
യാചിക്കണമല്ലോ. ജനാധിപത്യത്തിലെ
മഹാ ന്യൂയിസൻസ് ഈ ജനങ്ങളാണ്,
ജനംസ്, ഈ ജനപ്പരിഷകൾ!
തട്ടാൻ-പൂച്ച സീൻ വീണ്ടൂം
കോറസ് (കൌതുകത്തോടെ ശ്രദ്ധിച്ച ശേഷം):
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
ഹഹഹ ഹഹഹ
ഇപ്പോൾ അതേ ഉയർന്ന പീഠത്തിൽ ഇണ്ടനമ്മാവൻ. അമ്മാവൻ തന്റെ ഇ
ടംകാലിലെ ചെളി വലങ്കാലിലേക്കും വലംകാലിലെ ചെളി ഇടങ്കാലി
ലേക്കും മാറിമാറി തേയ്ക്കുകയാണ്. ഒരുതരം ചവിട്ടു നാടകം കളി. ആ
ൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരായി വന്ന് കൌതുകത്തോടെ നോക്കിനി
ൽക്കുന്നു.

പഴയ അതേ കോറസ്. കഴുത്തിലണിഞ്ഞിരുന്ന ചിഹ്നങ്ങൾ ഇപ്പോൾ 
ഇല്ല. പറ്കരം പല നിറത്തിലുള്ള തലേക്കെട്ടുകൾ. (നെറ്റിയിൽ
 പല നിറത്തിലുള്ള റിബ്ബണുകളായാലും മതി).

കോറസ്:

ഇണ്ടനമ്മാവൻ തന്റെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും
വലങ്കാലിലെ ചെളീ ഇടങ്കാലിലേക്കും
പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ വലങ്കാലിലെ ചെളി
ഇടങ്കാലിലേക്കും പിന്നെ ഇടങ്കാലിലെ ചെളി
വലങ്കാലിലേക്കും പിന്നെ ….

പാട്ടിനനുസരിച്ച് ഇണ്ടനമാവൻ തനി കാരിക്കേച്ചർ കഥാപാത്രമാകുന്നു.

കോറസ് (തിരിഞ്ഞ് കാണികളോട്):

ഇതല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടാരേ, വോട്ടർമാരേ?
 ഈ കവിതയിലെ ഇണ്ടനമ്മാവനല്ലേ നാം? ഇടംകലിലെ ചെളി
 വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കും… അഞ്ചു കൊല്ലം
 എൽ.ഡി.എഫ്. പിന്നെ അഞ്ചു കൊള്ളം യു.ഡി.എഫ്. അഞ്ചു കൊല്ലം
 കോൺഗ്രസ്, അടുത്ത അഞ്ചു കൊല്ലം മാർക്സിസ്റ്റ്…ജയ്

ജയ് ഇണ്ടനമ്മാവൻ!
ഇണ്ടനമ്മാവൻ കീ ജയ്.

ഇണ്ടനമ്മാവന്റെ ചവിട്ടു നാടകം പരിഹാസ്യമായി തുടരുന്നതിനിടയിൽ കട്ട്.
++++++++++

വീണ്ടും തട്ടാൻ. പൂച്ചയെ ആട്ടി ഓടിക്കുന്ന തട്ടാൻ. പഴ കോറസ്
ഇപ്പോൾ കൂമ്പൻ തൊപ്പിയുമായി സദസ്സാകുന്നു.

കോറസ്:
നട നാലും കുത്തി വീഴുന്ന പൂച്ചയല്ലേ
ഈ തട്ടാനു മുമ്പിലെന്തേ പരുങ്ങുന്നു,
പകയ്ക്കുന്നു, കിതക്കുന്നു, ഇടറുന്നു?

പൂച്ച (ഒടുവിൽ രണ്ടൂം കല്പിച്ച്): എന്റെ മൂക്കൂത്തിയാണ് തട്ടാൻ പണിയുന്നത്.
എന്റെ സ്വർണ്ണം എന്തു ചെയ്യുന്നൂ തട്ടാനെന്ന്,
കക്കുന്നുണ്ടോ തട്ടാനെന്ന്,
പണി നന്നാകുന്നുണ്ടോ മൂക്കൂത്തിയുടേതെന്ന്,
മൂക്കൂത്തിപ്പെണ്ണേ എന്ന് കാമുകൻ വിളിക്കുമ്പോൾ കുളിരു കോരേണ്ട
ഞാനല്ലാതെ മറ്റാറു നോക്കാൻ?
തട്ടാൻ പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?

കോറസ്: ശരിയാണല്ലോ, ശരിയാണല്ലോ. പൂച്ചയുടെ മൂക്കൂത്തി
യാണ് തട്ടാൻ പണിയുന്നതെങ്കിൽ, പൂച്ചയുടെ സ്വർണ്ണം കൊണ്ടാണ് തട്ടാ
ൻ തട്ടുകയും മുട്ടുകയും ചെയ്യുന്നതെങ്കിൽ, പൊന്നുരുക്കുന്നിടത്ത്
പൂച്ചക്കല്ലേ കാര്യം?

പൂച്ചക്കെന്തു കാര്യം എന്ന് ചോദിക്കുന്നതെന്ത്, തട്ടാനേ? തടുന്ന
ആളായതുകൊണ്ടാണോ തട്ടാനേ തട്ടാനെന്ന് പേരു കിട്ടിയത്?
പൂച്ചയെ തട്ടല്ലേ, പൂച്ചയുടെ പൊന്ന് തട്ടല്ലേ. പൂച്ച്യുടെ കൺ‌വെട്ട
ത്തിരുന്നു വേണം തട്ടാൻ പൊന്നുരുക്കാൻ!

തട്ടാൻ (പ്രകോപിതനായി)
പൊന്നുരുക്കുന്നേടത്ത്. പൂച്ചക്കെന്ത് കാര്യം?
ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

കോറസ്:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കാണ് കാര്യം.
ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് കാര്യം.

പൂച്ചയെ കിരീടമണിയിച്ചും തട്ടാനെ തല കുനിച്ച് നടത്തിച്ചും ഒരു 
ഘോഷയാത്ര
+++++++


അരങ്ങിലിപ്പോൾ വീണ്ടും ഇണ്ടനമ്മാവൻ കളി. പശ്ചാത്തലത്തിൽ
 പഴയ ഇണ്ടനമ്മാവൻ പാട്ടും. അമ്മാവന്റെ പെടാപ്പാട് കണ്ട് 
പൂച്ച വിസിൽ വിളിക്കുന്നു. എല്ലാവരും കൂടെ കൂട്ട വിസിൽ.

പൂച്ച (മുന്നോട്ടുവന്ന്:)
അമ്മാവന്റെ ഈ പെടാപ്പാട് നിങ്ങൾ മരുമക്കളാരും കാണുന്നില്ലേ?
നിങ്ങൾ മരുമക്കളാരെങ്കിലും ഒരു കിണ്ടി വെള്ളവുമായി വന്ന്
അമ്മാവന്റെ കാലൊന്ന് കഴുകിക്കാത്തതെന്ത്?
ഒരു കിണ്ടി വെള്ളം പോലും കിട്ടാത്ത നാടായോ
എട്ടു മാസം മഴ പെയ്യുന്ന കേരളം?

കോറസിന്റെ തലക്ക് മുകളിലൂടെ ഒരു കിണ്ടീ വെള്ളം ഉയർന്നു

 വരുന്നു. കോറസ് ഇണ്ടനമ്മാവനെ വലം വെക്കുന്നു. ഓരോ
 തവണ വെള്ളം വീഴ്ത്താനായുമ്പൊഴേക്കും അമ്മാവൻ നിലവിളിക്കുന്നു.
 ഓടുവിൽ കോറസ് അമ്മാവന്റെ കാലിൽ വെള്ളം വീഴ്ത്തുകതന്നെ 
ചെയ്യുന്നു. അമ്മാവൻ തണുത്തു വിറയ്ക്കുന്നു. കോറസ് തങ്ങളുടെ തോലിൽ 
നിന്നെടുക്കുന്ന പല വർണ തോർത്തുകളാൽ അമ്മാവനെ പുതപ്പിക്കുന്നു
. എല്ലാവരും കൂടി അമ്മാവനെ എടുത്തുയർത്തുന്നു.

കോറസ്:
ഇങ്ങനെയാണ് ഇണ്ടനമാവനെ
മരുമക്കൾ പഠിപ്പിക്കേണ്ടത്
ഇങ്ങനെത്തന്നെ രാഷ്ട്രീയക്കാരെ
ജനങ്ങൾ, വോട്ടർമാർ, പഠിപ്പിക്കേണ്ടതും.
രാഷ്ട്രീയക്കാർ ജനങ്ങൾ പറയ്ന്നത് അനുസരിക്കേണ്ടവരാണ്
ജനങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം രാഷ്ട്രീയം കളിക്കേണ്ടവരാണ്
യുദ്ധം നാം പട്ടാളക്കാർക്ക് വിട്ടുകൊടുക്കാറില്ല.
എവിടെ, എപ്പോൾ, ആരോട്, എങ്ങനെ യുദ്ധം
ചെയ്യണമെന്ന് തീരുമാനിക്കുന്നത്
പട്ടാളക്കാരല്ല.
രാഷ്ട്രീയക്കാർ രാഷ്ട്രീയം തൊഴിലാക്കിയ പട്ടാളക്കാരാണ്.
രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ടുകൊടുക്കരുത്.
ഇനിമേൽ നാം ജനങ്ങൾ
രാഷ്ട്രീയം കയ്യിലെടുക്കുന്നു
നമുക്കുവേണ്ടി എന്തിന് രാഷ്ട്രീയക്കാർ ചിന്തിക്കണം?
നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.

കോറസ് രണ്ട് സംഘമാകുന്നു
ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?

ഒന്നാം സങ്ഹം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?

രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

കോറസ് അരങ്ങത്തു നിന്ന് പിന്മാറുന്നതോടെ നാടകം അവസാനിക്കുന്നു.


ഇതെടുത്തത് ...BRP Baskar's Blog

തെരഞ്ഞെടുക്കേണ്ടത് 2031ജനപ്രതിനിധികളെ

തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക്  2031 ജനപ്രതിനിധികളെ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കണം .  ജില്ലാ പഞ്ചായത്ത് 29,16 ബ്ലോക്ക് പഞ്ചായത്തുകള്‍ - 213 , 88 ഗ്രാമപഞ്ചായ ത്തുകള്‍ - 1501 , 6 മുനിസിപ്പാലിറ്റികള്‍ - 233  , കോര്‍പറേഷന്‍ - 55 എന്നിങ്ങനെയാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത്. കോര്‍പറേഷനില്‍ കഴിഞ്ഞ തവണ 52 ഡിവിഷനുകളായിരുന്നത്  ഇക്കുറി  55 ആയി .  കഴിഞ്ഞ തവണ പഞ്ചായത്ത് വാര്‍ഡുകള്‍ 1481 ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 1501 വാര്‍ഡുകളാണ്.  വിവിധ മുനിസിപ്പാലിറ്റികളിലുള്ള വാര്‍ഡുകള്‍ ചുവടെ: ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന  വാര്‍ഡുകളുടെ എണ്ണം  ചാലക്കുടി - 36 ( 33 ), ഇരിങ്ങാലക്കുട - 41 ( 25 ) , കൊടുങ്ങല്ലൂര്‍ - 44 ( 27 ) , ചാവക്കാട് - 32 ( 29 ) , ഗുരുവായൂര്‍ - 43 ( 22 ) , കുന്നംകുളം - 37 ( 34 ).

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി

കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തിൽ വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി രൂപീകരിച്ചു. വെളിച്ചക്കാല മലേവയൽഎട്ടാം വാര്‍ഡില്‍ നിന്ന് മത്സരിക്കും. നെടുമ്പന ഗ്രാമപഞ്ചായത്തിൽ പ്രാതിനിധ്യം വഹിക്കുന്ന രാഷ്ട്രീയ പ്രതിനിധികളുടെ നിരന്തരമായ വഞ്ചനയാണ് ഇത്തരമൊരു ജനകീയ മുന്നണി രൂപീകരണത്തിന് വഴിയായത്.


ഗ്രാമപഞ്ചായത്തിന്റെ നീതിപൂർവവും സന്തുലിതവുമായ വികസനമാണ് ജനകീയ മുന്നണി ലക്ഷ്യം വെക്കുന്നത്. ജനപക്ഷ വികസനം, വികസനഫണ്ടുകളുടെ മൂല്യവർദ്ധിത വിനിയോഗം, കാർഷിക മേഖലയുടെ പുത്തനുണർവ്, ഗ്രാമസഭകളുടെ അന്തസത്ത തിരിച്ചുകൊണ്ടുവരൽ എന്നിവയിലൂടെ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ജനകീയമുന്നണിയുടെ ഉദ്ദേശം. ജനകീയ പ്രശ്‌നങ്ങളിൽ പുറംതിരിഞ്ഞുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തിന്റെ സമീപനങ്ങളെ തിരിത്തിക്കുവാൻ ജനകീയമുന്നണി ഇടപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെളിച്ചിക്കാല എട്ടാം വാർഡിൽ ഷമീർ നമ്പ്യാതിയിലാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ അമ്പത്തൊന്നംഗ ജനകീയ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീരിച്ചിട്ടുണ്ട്. കമ്മറ്റി ഭാരവാഹികളായി റഹീം, നാസർ(ചെയർമാൻ) ഫസിലുദ്ദീൻ (കൺ‌വീനർ‍), ജലീൽ ചെമ്പടം(ട്രഷറർ) ഷെഫീഖ്, സലീം(പ്രചരണ കൺ‌വീനർ) എന്നിവരെയും തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്ററായി കെ.സജീദിനെയും തെരഞ്ഞെടുത്തു.

ജനകീയ മുന്നണി സ്ഥാനാർത്ഥി ഒക്‌ടോബർ ഒന്നിന് പത്രിക സമർപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സലീം അമാനി അറിയിച്ചു.
 
 
കുളത്തൂപ്പുഴയിലെ ജനകീയ മുന്നണി സ്ഥാനാർത്ഥികൾ
 
കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
 
അജയൻ കാണി (ഡാലി), ശ്രീലത (അമ്പലം വാർഡ്), കുമാരി ബിന്ദു (കുളത്തൂപ്പുഴ ഠൗൺ‍), അബ്ദുൽ വഹാബ് (നെല്ലിമൂട്), ബാദുഷാ ബീവി (മഠത്തിൽകോണം), മുംതാസ് (തിങ്കൾകരിക്കം) എന്നിവരാണ് സ്ഥാനാർത്ഥികൾ.

എല്ലാ സ്ഥാനാർത്ഥികളും സെപ്തംബര്‍ 30ന് പത്രിക സമർപ്പിക്കുമെന്ന് മുന്നണി ചെയർമാൻ സൈനുദ്ദീൻ, കൺ‌വീനർ കെ.ബി മുരളി എന്നിവർ അറിയിച്ചു

ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ

നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ. ഒക്ടോബര്‍ 23നും 25നും ആണ് തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ഒന്നും മിണ്ടണ്ട എന്ന് കരുതിയതായിരുന്നു ഞാന്‍ . കാരണം ഇടതായാലും വലതായാലും രാഷ്ട്രീയക്കാരല്ലേ പഞ്ചായത്തുകളില്‍ കയറിക്കൂടുക. അവര്‍ എന്ത് ചെയ്യാന്‍ ? നമ്മള്‍ കുറെ കണ്ടില്ലേ. എന്തോ ആയിക്കോട്ടെ, നമ്മള്‍ക്ക് ഇതില്‍ കാര്യമൊന്നും ഇല്ലെന്നത്കൊണ്ട് വെറുതെയിരിക്കാമെന്ന് കരുതിയതായിരുന്നു. പൂച്ചയ്ക്ക് മണി കെട്ടാന്‍ ആരെങ്കിലും ഒരുമ്പെടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ എന്റെ മുന്‍‌വിധികളെ തകര്‍ത്തുകൊണ്ട് ഇപ്പോള്‍ നാടൊട്ടാകെ ജനകീയ സമിതികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം പൊരുതിയ സംഘടനകളും വ്യക്തികളും ഗ്രൂപ്പുകളും ഒക്കെയാണ് ഈ സമിതികളില്‍ കൈ കോര്‍ത്തുകൊണ്ട് പഞ്ചായത്തുകളിലെ വോട്ടര്‍മാരെ സമീപിക്കുന്നത്. ഒരു പന്ത്രണ്ട് ഇന മുദ്രാവാക്യവുമായിട്ടാണ് ഈ മുന്നണി ജനങ്ങളെ സമീപിക്കുന്നത്. ഇവര്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും എന്നത് പ്രശ്നമേയല്ല. പുതിയൊരു ജനപക്ഷരാഷ്ട്രീയം ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ അഴിമതിയിലും നിരുത്തരവാദിത്വങ്ങളിലും ധാര്‍ഷ്ട്യത്തിലും അഭിരമിക്കുകയായിരുന്നു മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പഞ്ചായത്ത് സാരഥികള്‍ .

തുടക്കത്തില്‍ ഞാനും ഗ്രാമസഭകളിലൊക്കെ പങ്കെടുത്തിരുന്നു. പക്ഷെ യാതൊരു ഭാവനയുമില്ലാത്ത കക്ഷിരാഷ്ട്രീയം തലക്ക് പിടിച്ച , കക്ഷിരാഷ്ട്രീയത്തിനപ്പുറം കാര്യങ്ങള്‍ വാര്‍ഡ് തലത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഇവരുടെയൊക്കെ കൈയ്യില്‍ പഞ്ചായത്ത് രാജ് സംവിധാനം കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെ നിഷ്‌പ്രയോജനമാവുകയേയുള്ളു എന്ന് മനസ്സിലാക്കിയിട്ട് പിന്നെ പോകാറേയില്ല. പൌരന്മാര്‍ക്ക് നാട്ടിലെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ ഒരു വേദിയുമില്ല. എല്ലാം നിശബ്ദമായി സഹിക്കാനും എന്നാല്‍ നികുതികള്‍ കൃത്യമായി കൊടുക്കാനും മാത്രം വിധിക്കപ്പെട്ടവരാണ് അവര്‍ . അതിനൊരു മാറ്റമാണ് ഗ്രാമസഭകളിലൂടെ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഗ്രാമസഭകള്‍ അതാത് രാഷ്ട്രീയപാര്‍ട്ടി അനുഭാവികളുടെ കൂടിച്ചേരല്‍ മാത്രമായി പിന്നീട്. ക്രമേണ ഗ്രാമസഭകള്‍ കൂടാറുണ്ടോ എന്ന് പോലും ആരും അറിയാതായി. ഫണ്ടുകള്‍ കേന്ദ്രത്തില്‍ നിന്ന് വരുന്നു. ആരൊക്കെയോ എങ്ങനെയൊക്കെയോ ചെലവഴിക്കുന്നു. പഞ്ചായത്തുകളില്‍ ഒരു വികസനവും നടന്നില്ല.

ഈ അധ:പതനത്തിന്റെ ഒരു രേഖാചിത്രം ഈ ആഴ്ചയിലെ പ്രബോധനം വാരികയില്‍ സി.ദാവൂദ് എന്ന ലേഖകന്‍ മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു. ആ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഇസ്ലാമിക വീക്ഷണത്തിലൂടെയാണ് ആ ലേഖകന്‍ വിഷയം അവതരിപ്പിക്കുന്നതെങ്കിലും എല്ല്ലാവര്‍ക്കും ബാധകമാവുന്ന ലളിത സത്യങ്ങളാണ് അവയിലുള്ളത്. മറ്റൊന്ന് വികസന മുന്നണിയില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ജമാ‌അത്തേ ഇസ്ലാമിയാണെങ്കില്‍ തന്നെ ഞാന്‍ ജമാ‌അത്തേ ഇസ്ലാമിയെ അഭിനന്ദിക്കുകയും ഈ മുന്നണിയെ നാളെയുടെ പ്രതീക്ഷയായി കാണുകയും ചെയ്യുന്നു.

ഇനി സാമാന്യം ദീര്‍ഘമായ ആ ലേഖനത്തിലേക്ക് :

വലിയ സ്വപ്നങ്ങളുമായാണ് നാം പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി അത് അവതരിപ്പിക്കപ്പെട്ടു. തുടക്കത്തില്‍ ഗ്രാമീണ, പ്രാദേശിക തലങ്ങളില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കാനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കും ജനകീയാസൂത്രണത്തിനുമൊക്കെ കഴിയുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് നിന്ന് മാത്രം തീരുമാനിക്കപ്പെട്ടിരുന്ന കാര്യങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചില റോളുകളുണ്ട് എന്ന തിരിച്ചറിവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. സ്കൂളുകള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ തുടങ്ങി ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാതെ 'ഭാര്‍ഗവീ നിലയങ്ങള്‍ ’ കണക്കെ നിലനിന്നിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഇളക്കങ്ങള്‍ വന്നു തുടങ്ങി. ' ആപ്പീസര്‍ ’മാരുടെ ദൈവിക പരിവേഷത്തിന് മേല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ഉണര്‍വിനോടൊപ്പം തന്നെ, പുതിയൊരു തലമുറയുടെ രംഗപ്രവേശവും കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കി. അതായത്, ആഗോളീകരണത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും വിപുലനത്തോടൊപ്പം വളര്‍ന്നുവന്ന പുതിയ തലമുറ, പഴയ ചുവപ്പുനാട വികസനത്തിലും സര്‍ക്കാര്‍ വിലാസം മന്ദഗതി സര്‍വീസിലും അമര്‍ഷമുള്ളവരായിരുന്നു. വിദ്യാഭ്യാസമ്പന്നരായ ആ തലമുറയോട് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പഴയ ഫ്യൂഡല്‍ മൂല്യങ്ങളുമായി ഫയലുകള്‍ താങ്ങി കഴിഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ .

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ തലമുറയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത നിലയിലായി. വിദ്യാഭ്യാസ വളര്‍ച്ച, ഗള്‍ഫ്- ഐ.ടി മേഖലകളിലൂടെ വന്ന സാമ്പത്തിക ഉണര്‍വുകള്‍ , സ്ത്രീകളുടെ മുന്നേറ്റം, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിലും അഭിരുചികളിലും വന്ന മാറ്റം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, മാധ്യമങ്ങളുടെ കൂടുതല്‍ പ്രാദേശികമായ ഇടപെടലുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചായത്തുകളെ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങളെല്ലാം വിവിധ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലെയുള്ള പ്രസ്ഥാനങ്ങള്‍ വമ്പിച്ച പ്രതീക്ഷകള്‍ ജനിപ്പിക്കുകയും സാമൂഹിക ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രതീതിയുളവാക്കുകയും ചെയ്തത്.

എന്നാല്‍ ഈ പ്രവേഗ ശക്തിയെ വേണ്ടവിധം ഉപയോഗപ്പെടുത്താനും കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനക്കുറവാണ് അതില്‍ പ്രധാനപ്പെട്ടൊരു കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും പുതുകാല യാഥാര്‍ഥ്യങ്ങളോട് സംവദിച്ച് മുന്നോട്ട് പോവാനും പറ്റുന്ന നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തൊഴില്‍ , വ്യാവസായിക, സേവന സംരംഭങ്ങളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന മലയാളികളായ ചെറുപ്പക്കാരുടെ വലിയൊരു നിര നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവരുടെ ആ കഴിവുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തി, വികസന പ്രക്രിയയില്‍ ഇഴചേര്‍ക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിഭകളുടെ കൂട്ടപലായനത്തിന്റെ ദേശമായി നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ മാറി. പ്രതിഭാ ദാരിദ്യ്രം കൊണ്ട് സമ്പന്നരായ ആളുകള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായി വിലസി.

അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂമിയും വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യവുമുള്ള ഒരു സംസ്ഥാനത്തിന് പക്ഷേ, വികസന രംഗത്ത് അതിനനുപാതമായി മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഉല്‍പാദന രംഗം സമ്പൂര്‍ണമായി മുരടിക്കുകയും ഉപഭോഗവും അനുബന്ധ സേവനപ്രവര്‍ത്തനങ്ങളും മാത്രം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നെടുംതൂണാവുകയും ചെയ്തു. 'ദൈവത്തിന്റെ സ്വന്തം ഷോപ്പിംഗ് മാള്‍ ‘ എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിളിക്കാവുന്ന അവസ്ഥയാണിന്ന്. ആളുകള്‍ ഷോപ്പിംഗ് നടത്തുന്നു, ഉപഭോഗം വര്‍ധിക്കുന്നു എന്നതൊക്കെ അപകടകരമായ പ്രവണതകളാണ് എന്ന പതിവ് സദാചാര വിലാപമല്ല ഇവിടെ ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വ്യാപനം തീര്‍ച്ചയായും സാമ്പത്തികമായ ഉണര്‍വിന്റെ ലക്ഷണങ്ങളിലൊന്ന് തന്നെയാണ്. പക്ഷേ, ഈ ഉപഭോഗത്തിന് ഉപയോഗിക്കുന്ന പണം എവിടെ നിന്ന് വരുന്നു, നമ്മുടെ ഉല്‍പാദന പ്രക്രിയക്ക് ആ പണം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുണ്ട്, ആ പണം എങ്ങോട്ടൊഴുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് അത്യന്തം ലോലമായ ഒരു 'കുമിള' സാമ്പത്തിക വ്യവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാവുക. കുറെ കാലം കഴിഞ്ഞാല്‍ നികുതിയടക്കാന്‍ പ്രയാസപ്പെടുന്ന, നികുതിയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചു കളയാന്‍ ബുദ്ധിമുട്ടുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമാണോ പ്രതിഭാധനരായ നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയും അധ്വാനിച്ച് നാടിന് നേടിക്കൊടുത്തതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. നാടിന്റെ ഉല്‍പാദന-സേവന-സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മകോശങ്ങളെ ചടുല സജീവമാക്കുന്നതില്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ അപകടകരമായ രീതിയില്‍ പരാജയപ്പെട്ടു. ഇങ്ങനെ സജീവമാക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതല പങ്കുവഹിക്കാന്‍ കഴിയുക പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കായിരുന്നു.

അസഹ്യമായ രാഷ്ട്രീയവത്കരണം തന്നെയാണ് പഞ്ചായത്ത് സ്ഥാപനങ്ങളെ ഈ വിധം ഊഷരഭൂമിയാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന ഏര്‍പ്പാട് ആന്ധ്രാപ്രദേശില്‍ ഇല്ലത്രെ. പ്രാദേശിക ഭരണത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ദൌര്‍ഭാഗ്യവശാല്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ ഗ്രാമ പഞ്ചായത്തുകളില്‍ ഏതെങ്കിലും രാഷ്ട്രീയ മുന്നണി പലപ്പോഴും അധികാരത്തില്‍ എത്താറുള്ളത്. ഇവര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും കൂറുമാറ്റവും മുന്നണി മാറ്റവും പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിഷ്ക്രിയമാക്കാറുണ്ട്. രാഷ്ട്രീയ താല്‍പര്യവും അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും മറ്റും നോക്കിക്കൊണ്ട് മാത്രം വികസനത്തിന്റെ വിതരണം നടക്കുന്നു. സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോഴും രാഷ്ട്രീയത്തിന് തന്നെയാണ് എപ്പോഴും പ്രാമുഖ്യവും പ്രാധാന്യവും.

നാടിന്റെ തീരാശാപമായ അഴിമതി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ ആന്തരികമായി തകര്‍ക്കുന്ന ഏറ്റവും വലിയ വിപത്ത്. കോടിക്കണക്കിന് രൂപയാണ് പ്രാദേശിക വികസനത്തിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് വര്‍ഷവും വരുന്നത്. ശാസ്ത്രീയമായും, ഭാവനയോടെയും അഴിമതി രഹിതമായും ചെലവഴിക്കപ്പെട്ടിരുന്നെങ്കില്‍ ഗ്രാമീണ തലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതായിരുന്നു ഇത്. എന്നാല്‍ അധികാരത്തിന്റെ വികേന്ദ്രീകരണത്തോടു കൂടി അഴിമതിയുടെ വികേന്ദ്രീകരണമാണ് യഥാര്‍ഥത്തില്‍ നടന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കുക; അതില്‍ നിന്ന് കമീഷന്‍ പറ്റുക എന്നതാണ് പഞ്ചായത്തുകളില്‍ സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ, പ്രതിപക്ഷ ഭേദമന്യേ ഈ കമീഷന്‍ പങ്കുവെക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതിനാല്‍ തന്നെ കാര്യമായ ജനശ്രദ്ധയും പ്രതിഷേധങ്ങളുമില്ലാതെയാണ് അഴിമതിയുടെ ഈ വികേന്ദ്രീകൃതാസൂത്രണം മുന്നേറുന്നത്.

ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അനിവാര്യമായും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെന്തൊക്കെ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ, അതിനു വേണ്ടി എത്ര തുക പാസ്സാക്കിയെടുത്തു, എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ അതത് പഞ്ചായത്തിലുള്ളവര്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അഴിമതിയുടെ തദ്ദേശ പര്‍വം അതിന്റെ വിശ്വരൂപത്തില്‍ വന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.

ഈ കാഴ്ചപ്പാടുകളില്‍ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ജാതി മത ഭേദമന്യെ കൂട്ടിയിണക്കി പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെങ്ങും രൂപപ്പെട്ടു കഴിഞ്ഞു. നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ ഈ ജനകീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞതായാണ് അനുഭവം. അഴിമതിയില്‍ ഐക്യമുന്നണിയായ ഇരുമുന്നണികളും ഈ പുതിയ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനകീയ മുന്നണികള്‍ ശക്തമായ പല സ്ഥലങ്ങളിലും ഇടതും വലതും യോജിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ ഉണ്ടാവുന്നത് അതുകൊണ്ടാണ്.

ജനസേവന രംഗത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമയ നിഷ്ഠയോടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തതിന്റെ വലിയ അനുഭവ പാരമ്പര്യം ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ഭരണകൂടത്തിന്റെയോ പിന്തുണയോടെയല്ല, പ്രസ്ഥാനം ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ട് പോയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പങ്കാളിത്തം ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 'ജനസേവനം ദൈവാരാധന' എന്നു വിശ്വസിക്കുന്ന സംഘം ജനസേവനത്തിന്റ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.

എല്ലാറ്റലുമപരി, ഇടതു-വലതു മുന്നണികള്‍ പങ്കുവെച്ച് നശിപ്പിച്ച മനോഹരമായ ഈ സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് രൂപപ്പെടേണ്ടത്. ആകര്‍ഷകമായ മുദ്രാവാക്യങ്ങളും ആരവങ്ങളും ഉയര്‍ത്തിയതു കൊണ്ട് മാത്രം അത്തരമൊരു പ്രസ്ഥാനം രൂപപ്പെടുകയില്ല. അടിത്തട്ടില്‍ ജനങ്ങളെ സംഘടിപ്പിച്ചും ജനങ്ങളുടെയും നാടിന്റെയും വികസന പ്രക്രിയയില്‍ ഇടപെട്ടും കൊണ്ട് മാത്രമേ അത്തരമൊരു പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. അത്തരമൊരു മഹത്തായ മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍ . നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഈ സംഘങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
 
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച


ജനകീയമുന്നണി അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തും

തൃശൂര്‍: ജില്ലയില്‍ വന്‍ മുന്നേറ്റത്തിന് ജനകീയമുന്നണി ഒരുങ്ങിയതായി കണ്‍വീനര്‍ കെ.എ.സദറുദ്ദീന്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. രാഷ്ട്രീയത്തിനതീതമായ തദ്ദേശഭരണം എന്ന ജനകീയ മുന്നണിയുടെ ആശയത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


ത്രിതല തെരഞ്ഞെടുപ്പില്‍ നാനൂറോളം വാര്‍ഡുകളില്‍ ജനകീയമുന്നണി മല്‍സരിക്കുന്നു. ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ മുന്നണി സാന്നിധ്യമുണ്ട്. 45 പഞ്ചായത്തുകളിലായി മുന്നൂറോളം വാര്‍ഡുകളിലും ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളിലായി 32 ഡിവിഷനുകളിലും മല്‍സരിക്കും. കോര്‍പറേഷനിലെ ആദ്യഘട്ട ലിസ്റ്റില്‍ എട്ട് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആളൂര്‍, അഷ്ടമിച്ചിറ, അഴീക്കോട്, മതിലകം, തളിക്കുളം, ഒരുമനയൂര്‍, വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും 25 ബ്ലോക്ക് വാര്‍ഡുകളിലും മുന്നണി മാറ്റുരക്കും. വിജയസാധ്യതയുള്ള വാര്‍ഡുകള്‍ തെരഞ്ഞെടുത്ത് ജാതി-മത പരിഗണനകളില്ലാതെയാണ് മുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം, കേരള മനുഷ്യാവകാശ സംഘടന, കേരള കര്‍ഷകസംഘടന തുടങ്ങിയ മനുഷ്യാവകാശ -പരിസ്ഥിതി മേഖലകളിലെ വിവിധ സംഘടനകളും സമരസമിതികളും നാഷനല്‍ ഹൈവേ സമരസമിതികളും വിവിധ കോളനികളിലെ ആക്ഷന്‍ കൗണ്‍സിലുകളും മദ്യവിമോചനസമിതി പോലുള്ള സാമൂഹിക സംഘടനകളും ദലിത് മഹാസഭ, കേരള വിശ്വകര്‍മസഭ തുടങ്ങിയ ജാതി സംഘടനകളും വികസനമുന്നണിയെ പിന്തുണക്കും. പി.ഡി.പി തുടങ്ങിയ സംഘടനകളുമായി ചിലയിടങ്ങളില്‍ ധാരണകളുണ്ടാകുമെന്നും കണ്‍വീനര്‍ അറിയിച്ചു.

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.

മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.

ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.

പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.

തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.

ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .

പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.

അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.

കടപ്പാട്: http://malayalamvaayana.blogspot.com/

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

അധികാര വികേന്ദ്രീകരണം പിഴച്ചതെവിടെ, തിരുത്തേണ്ടതെങ്ങനെ? .

സി.ആര്‍ നീലകണ്ഠന്‍

സാമൂഹിക വികസന ചരിത്രത്തില്‍ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന സംസ്ഥാനമാണ് കേരളം. ഉല്‍പാദന മേഖലകളിലെ വളര്‍ച്ചക്ക് ആനുപാതികമല്ലാത്തവിധം സാമൂഹിക വികസനം നടത്തി കേരളമാതൃകയെന്ന അത്ഭുതം സൃഷ്ടിച്ചവരാണ് നമ്മള്‍. സമത്വവും സാമൂഹികനീതിയും അതിലൂടെ വിതരണ സംവിധാനത്തിലെ നീതിയും വഴിയാണ് നാമിതു നേടിയതെന്നു പറയാം. സര്‍ക്കാര്‍ (ഭരണകൂട) ഭാഗത്തുനിന്നുണ്ടായ നിയമ ഭരണ നടപടികളോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം (സിവില്‍ സമൂഹം) നടത്തിയ ഇടപെടലുകളും ഈ വളര്‍ച്ചക്ക് കാരണമായിയെന്ന് അമര്‍ത്യ സെന്നിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുതല്‍ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ വരെ നീളുന്ന ആ സാമൂഹിക ഇടപെടലുകളുടെ ഏറ്റവുമൊടുവിലത്തെ പടിയാണ് ഇവിടെ നടപ്പിലാക്കിയ ജനകീയാസൂത്രണം അഥവാ അധികാര വികേന്ദ്രീകരണമെന്നാണ് 1997-'98 കാലത്ത് കേരളം ഭരിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നടപടിക്കു സമാന്തരമായി ജനകീയ ഇടപെടല്‍ സാധ്യതക്ക് അവസരം നല്‍കുന്നതിനാണ് ജനകീയാസൂത്രണ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നവര്‍ പറഞ്ഞു. ഏതാണ്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം എത്രമാത്രം ഫലപ്രദമായി എന്നു പരിശോധിക്കേണ്ടതുണ്ട്.
പടിവാതില്‍ക്കലെത്തിനില്‍ക്കുന്നുവെന്നതിനാല്‍ ജനങ്ങള്‍ക്ക് ഇതറിയാന്‍ താല്‍പര്യമുണ്ടാകും.
അധികാര വികേന്ദ്രീകരണമെന്ന സങ്കല്‍പത്തിന് ഇന്ത്യയില്‍ തന്നെ ഏറെ പഴക്കമുണ്ട്. യൂറോപ്പില്‍, വിശേഷിച്ച് സമ്പദ് സമൃദ്ധമെന്നറിയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ (സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ) രാജ്യങ്ങളില്‍ സാമൂഹിക സേവന ഭരണ മേഖല പൂര്‍ണമായും വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഈ ആശയം ഏറ്റവും മൂര്‍ത്തമായി അവതരിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. തന്റെ 'സ്വരാജ്' എന്ന സങ്കല്‍പം, കേവലം ബ്രിട്ടീഷുകാര്‍ വിട്ടുപോയ ഇന്ത്യ എന്നിടത്തവസാനിക്കുന്നില്ലെന്നും ഓരോ ഇന്ത്യന്‍ ഗ്രാമവും സ്വാശ്രയവും സമ്പദ്‌സമൃദ്ധവുമാകുന്നതാണ് അന്തിമ ലക്ഷ്യമെന്നും ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. അധികാരം എത്രമേല്‍ കേന്ദ്രീകരിക്കുന്നുവോ അത്രമേല്‍ ഹിംസാത്മകവും ദുഷിച്ചതുമാകും എന്നദ്ദേഹം കണ്ടറിഞ്ഞിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ ഇവിടെയും ഗാന്ധിജി വിസ്മരിക്കപ്പെടുകയായിരുന്നു.
എന്നാല്‍ കേരളത്തില്‍ ആദ്യമായി അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭ ഇക്കാര്യത്തില്‍ ചില ശ്രമങ്ങള്‍ നടത്തി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയവക്കൊപ്പം സമഗ്ര ഭരണപരിഷ്‌കാരവും ലക്ഷ്യമായിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്നതുപോലെ സംസ്ഥാന സര്‍ക്കാറും താഴെയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധവും ഏറെ ചര്‍ച്ചാ വിഷയമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ അന്നു ശ്രമിച്ചുവെങ്കിലും പിന്നീടത് മുന്നോട്ടു പോയില്ല. പിന്നീട് അഖിലേന്ത്യാ തലത്തില്‍ 73,74 ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും സമഗ്രമായ പഞ്ചായത്തീരാജ്- നഗരപാലികാ നിയമം പാസ്സാക്കപ്പെടുകയും ചെയ്തതോടെ കേരളത്തിലും ഈ ശ്രമങ്ങള്‍ ശക്തിപ്പെട്ടു.
ഇന്ത്യ ഏറെ വൈവിധ്യമുള്ള ഒരു രാഷ്ട്രമാണ്. ഓരോ സംസ്ഥാനങ്ങള്‍ തന്നെയും നിരവധി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ്. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ദില്ലിയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ ഇരുന്നുകൊണ്ട് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നത് തെറ്റായ ഒരു സങ്കല്‍പമാണെന്നറിയാന്‍ യാതൊരു പ്രയാസവുമില്ല. ഒപ്പം പ്രദേശങ്ങളുടെയും അവസ്ഥ മനസ്സിലാക്കി അവിടേക്കനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയത് (ഇതിനു പിന്നില്‍ പൂര്‍ണമായും സാമ്രാജ്യത്വ അജണ്ടയാണുണ്ടായിരുന്നതെന്നും മറ്റുമുള്ള അതിവാദങ്ങള്‍ അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സങ്കല്‍പത്തെ സമര്‍ഥമായി ഉപയോഗിച്ച് സാമ്രാജ്യത്വം ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനുമാകില്ല). ഒരു പ്രദേശത്തിനനുയോജ്യമായ കൃഷി, ജലസേചനം, ജലവിതരണം, ചെറുകിട വ്യവസായങ്ങള്‍, ഗതാഗതം, സാമൂഹിക സുരക്ഷ മുതലായവ നടപ്പിലാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് കഴിയുക. ഇവക്കെല്ലാം അഖിലേന്ത്യാ-സംസ്ഥാന തല മാനദണ്ഡങ്ങളുണ്ടാകുന്നത് ശരിയാകില്ല. ജനങ്ങള്‍ക്ക് കൂടുതല്‍ ഇടപെടാന്‍ കഴിയണമെങ്കില്‍ പ്രാദേശികമായി തീരുമാനങ്ങളെടുക്കുന്ന സംവിധാനങ്ങള്‍ വേണം. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇതിന് ഏറ്റവും യോജിച്ചവയാണ്.
1995-'96ല്‍ കേരളത്തിലും സമഗ്രമായ പഞ്ചായത്തീരാജ് -നഗരപാലികാ നിയമം പാസ്സായി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. എന്നാല്‍ ഈ പുതിയ അധികാര സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിക്കാവശ്യമായ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടത് 1997-'98 സാമ്പത്തിക വര്‍ഷത്തിലാണ്. നാളിതുവരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രധാന വരുമാനം കെട്ടിട-തൊഴില്‍ നികുതികളും സര്‍ക്കാര്‍ പലപ്പോഴും നല്‍കുന്ന ഗ്രാന്റുകളുമായിരുന്നു. അന്നന്നത്തെ ശമ്പളത്തിനു പോലും വരുമാനമില്ലാതിരുന്നവയായിരുന്നു മിക്ക പഞ്ചായത്തുകളും. എന്നാല്‍, 1997-'98ല്‍ ബജറ്റിന്റെ (ഏതാണ്ട്) മൂന്നിലൊന്ന് വരുന്നതുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചു. ചെറിയ പഞ്ചായത്തുകള്‍ക്കു പോലും പത്തും മുപ്പതും ലക്ഷം രൂപ വരെ കിട്ടുമെന്ന സ്ഥിതിയായി. പെട്ടെന്നു ലഭിച്ച സമ്പത്തും അധികാരവും കൈകാര്യം ചെയ്യാന്‍ വേണ്ട ശേഷി തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നില്ല. ഇതിനു വേണ്ട മാനവവിഭവം ഒരിടത്തുമുണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പദ്ധതികളുടെ നിര്‍വഹണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായി. സര്‍ക്കാര്‍ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പഞ്ചായത്തിനു കീഴിലേക്കു മാറ്റാനും പുതിയവരെ നല്‍കാനും സര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടു. പദ്ധതി നിര്‍വഹണത്തിനാവശ്യമായ നൂറു കണക്കിനു ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതായി വന്നു. ഇതിനായി ദിവസേനയെന്നോണം അഞ്ചും ആറും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കിക്കൊണ്ടിരുന്നു. തീര്‍ത്തും പുതിയൊരു മേഖലയെന്ന നിലയില്‍ തുടക്കത്തിലെ അപര്യാപ്തതകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും പഞ്ചായത്തുകളുടെ പദ്ധതികളുമായി ഘടിപ്പിക്കാന്‍ തീരുമാനമായി.
ജനകീയാസൂത്രണം നടപ്പിലാക്കുന്നതിനു വേണ്ടി തയാറാക്കപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒരു പരിധിവരെ സമഗ്രമാണ് എന്നു പറയാം. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും എത്ര തുക വീതം കിട്ടുമെന്നത് യാതൊരു പരാതിക്കുമിടയില്ലാത്തവിധം സുതാര്യമായി നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ടായി. ജനസംഖ്യ, അതില്‍തന്നെ പട്ടികകജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന്റെ എണ്ണം തുടങ്ങിയവ പരിഗണിച്ചാണ് വിഹിതം നിശ്ചയിക്കപ്പെടുന്നത്. പദ്ധതികളെ ഉല്‍പാദന-സേവന-പശ്ചാത്തല മേഖലകളായി തിരിച്ചിട്ടുണ്ട്. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം, ജൈവവള നിര്‍മാണം, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ഉല്‍പാദന മേഖല. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, കുടിവെള്ളം, സാമൂഹിക ക്ഷേമം തുടങ്ങിയവയാണ് സേവന മേഖലയില്‍ പെടുന്നത്. ഗതാഗതം, വൈദ്യുതി വിതരണം, കെട്ടിട നിര്‍മാണം മുതലായവയാണ് പശ്ചാത്തല മേഖല. ഇതോടൊപ്പംതന്നെ പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടക പദ്ധതികളും വനിതാ ഘടക പദ്ധതികളും വരുന്നുണ്ട്. മൊത്തം പദ്ധതിത്തുകയുടെ 10 ശതമാനം വനിതാ ഘടക പദ്ധതികള്‍ക്കായി മാറ്റിവെക്കണം.
ഓരോ മേഖലയിലും പെട്ട സര്‍ക്കാര്‍ വകുപ്പ് സ്ഥാപനങ്ങള്‍-കൃഷി, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം, പ്രാഥമികാരോഗ്യ കേന്ദ്രം മുതലായവ- പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണ വിഷയത്തില്‍ പഞ്ചായത്തിനു കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണം. ഓരോ പദ്ധതിയും എങ്ങനെ രൂപപ്പെടണമെന്നും അവയെങ്ങനെ നിര്‍വഹിക്കപ്പെടണമെന്നുമുള്ള ചട്ടങ്ങള്‍ പാലിക്കുന്നു എന്നുറപ്പുവരുത്താനുള്ള ചുമതല ഈ ഉദ്യോഗസ്ഥര്‍ക്കാണ്. പ്രാഥമിക ഗ്രാമസഭകള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച വികസനാവശ്യങ്ങള്‍, പഞ്ചായത്തുതല കര്‍മസമിതികള്‍ ചേര്‍ന്ന് ക്രോഡീകരിച്ച് പഞ്ചായത്തിന്റെ വികസന രേഖ തയാറാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കരട് പദ്ധതി നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി ഗ്രാമസഭകള്‍ അതതു പ്രദേശങ്ങള്‍ക്കു കൂടി സ്വീകാര്യമായ വിധത്തില്‍ രൂപഭേദങ്ങള്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങളെല്ലാം ക്രോഡീകരിച്ച് പദ്ധതി രേഖയുടെ കരട് വികസന സെമിനാറില്‍ അവതരിപ്പിക്കുന്നു. വിവിധ വിഷയ സമിതികളായി തിരിഞ്ഞിരുന്ന് ഇവ ചര്‍ച്ച ചെയ്ത് അന്തിമ പദ്ധതി നിര്‍ദേശങ്ങളാക്കുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ എസ്റ്റിമേറ്റും മറ്റും തയാറാക്കി വിദഗ്ധ സമിതിയുടെ പരിശോധനക്കു നല്‍കുന്നു. അവര്‍ അംഗീകരിച്ച പദ്ധതി ജില്ലാ ആസൂത്രണ സമിതി പരിശോധിച്ച് അംഗീകാരം നല്‍കുന്നു. സാങ്കേതികമോ നിയമപരമോ ആയ തകരാറുകള്‍ കണ്ടെത്തിയാല്‍ അവ തിരുത്തി മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുള്ളൂ.
ഗ്രാമസഭകള്‍ പഞ്ചായത്തീരാജ് നിയമത്തില്‍ ഏറെ നിര്‍ണായകമാണ്. അതിന് ഒട്ടേറെ അധികാരങ്ങളുണ്ട്. ഗ്രാമസഭയുടെ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ പഞ്ചായത്ത് ഭരണസമിതക്കധികാരമില്ല. ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയാത്ത ഭരണഘടനാ സ്ഥാപനമാണ് ഗ്രാമസഭയെന്നു നിയമം പറയുന്നു. ഒരു ഗ്രാമസഭക്കു കീഴിലെ പ്രദേശത്ത് ഖനനം നടത്തുന്നതോ മലിനീകരണം നടത്തുന്നതോ തടയാന്‍ അവര്‍ക്കു കഴിയും. ഗുണഭോക്താക്കളായ വ്യക്തികളെയോ കുടുംബങ്ങളെയോ തെരഞ്ഞെടുക്കാന്‍ ഗ്രാമസഭക്കാണധികാരം. ചുരുക്കത്തില്‍ ഒരു വാര്‍ഡിലെ ജീവിതം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്ന ഗ്രാമസഭയില്‍ ഇടപെടാന്‍ ഓരോ പൗരനും അവകാശമുണ്ട്. പദ്ധതി നിര്‍വഹണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ നിരവധി ചട്ടങ്ങളുണ്ട്. എല്ലാ നിര്‍വഹണങ്ങളും ഗുണഭോക്തൃ സമിതികള്‍ വഴി നടത്തണമെന്നാണ് നിയമം വിഭാവനം ചെയ്തവര്‍ ഉദ്ദേശിച്ചിരുന്നത്. ഇതുവഴി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും കാലതാമസം ഒഴിവാക്കാനും അഴിമതി തടയാനും കഴിയുമെന്നാണ് കരുതിയിരുന്നത്. തീര്‍ത്തും സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിശദമായി എഴുതണം- അതിനുപയോഗിക്കുന്ന സാമഗ്രികളുടെയും തൊഴിലിന്റെയും കണക്കുകളും മറ്റും. ഗുണനിലവാരം ഇടക്കിടെയും ഒടുവിലും പരിശോധിക്കാന്‍ വിദഗ്ധ സമിതികള്‍ക്കു മാത്രമല്ല ഏതു പൗരനും അവകാശമുണ്ട്.
വനിത, പട്ടിക ഘടക പദ്ധതികളുടെ നിര്‍വഹണത്തിനും വ്യക്തമായ ചട്ടങ്ങളുണ്ട്. അവ ഓരോ പദ്ധതിയിലും (വര്‍ഷത്തിലും) നിര്‍വഹിച്ചുവോ എന്ന് പരിശോധിക്കാനും അതു പൂര്‍ണമായില്ലെങ്കില്‍ അതിന്റെ തുക കൂടി അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാനും വ്യവസ്ഥയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ്. ഇവക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കലാണ് സ്ഥാപനങ്ങളുടെ പ്രധാന കടമ. നിരന്തര ചെലവുകള്‍ അതത് വകുപ്പുകള്‍ (ആരോഗ്യം, കൃഷി മുതലായവ) വഹിക്കും. വിദ്യാഭ്യാസ മേഖലയിലും ഇതുതന്നെയാണവസ്ഥ. സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്കാണധികാരം. നഗര(ഖര) മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന കടമകളിലൊന്നാണ്. ചെറുകിട വെള്ളപദ്ധതികള്‍ നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്കധികാരമുണ്ട്. ഇവിടെയും തുടര്‍ച്ചെലവുകള്‍ വഹിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. റോഡുകള്‍, തെരുവ് വിളക്കുകള്‍, ഭവന നിര്‍മാണം, ശുചിത്വം, അംഗന്‍വാടി തുടങ്ങിയ ശിശുക്ഷേമ പദ്ധതികള്‍ മുതലായവയെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്.
ഒറ്റ നോട്ടത്തില്‍ തീര്‍ത്തും കുറ്റമറ്റതും ജനകീയവുമായ ഒന്നാണിതെന്ന ധാരണയാണ് തുടക്കത്തില്‍ ഈ ലേഖകനടക്കമുള്ളവര്‍ക്കുണ്ടായിരുന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് തന്നെ മുന്നിട്ടിറങ്ങിയാണിതാരംഭിച്ചത്. ഇരു മുന്നണികളായി പരസ്പരം കടിച്ചുകീറിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ വികസന മേഖല മുന്നോട്ടുപോകുന്നില്ലെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി താഴെ തട്ടില്‍ ജനങ്ങള്‍ ഒരുമിച്ചു നിന്ന് വികസനം സാധ്യമാക്കാനുള്ള ഒരു മാര്‍ഗമാണിതെന്നുമെല്ലാമാണ് ഇ.എം.എസ് പറഞ്ഞത്. പാര്‍ലമെന്റ്, നിയമസഭ മുതലായവകളില്‍നിന്ന് വ്യത്യസ്തമായി കേവലം കക്ഷി-മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല തദ്ദേശ സഭകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവിടെ ഭരണ പ്രതിപക്ഷങ്ങളില്ല. സ്റ്റാന്റിംഗ് കമ്മിറ്റികളാണ് ഭരണം നടത്തുന്നത്. എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗങ്ങളാകുന്നു.
പരിമിതികള്‍- പരാജയങ്ങള്‍
എന്നാല്‍ ഇത്തരമൊരു ധാരണയിലാരംഭിച്ച അധികാര വികേന്ദ്രീകരണം ഇന്നെത്തിനില്‍ക്കുന്നതെവിടെയാണ്? എന്തായിരുന്നു അതിന്റെ പരിമിതികള്‍? എവിടെയാണതിനു പിഴച്ചത്? തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്. ഭരണപരമായ പരിമിതികളില്‍നിന്ന് തുടങ്ങാം. ഒട്ടനവധി അധികാരങ്ങളും സമ്പത്തും ഒറ്റയടിക്ക് കൈമാറ്റം ചെയ്തപ്പോള്‍ അതു കൈകാര്യം ചെയ്യാന്‍ വേണ്ട ശേഷി താഴെത്തട്ടിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ (കൃഷി, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം മുതലായവ) പഞ്ചായത്തുകള്‍ക്കു കീഴിലാക്കിയെങ്കിലും ഇവരുടെ സ്റ്റാഫിന്റെ ഭരണപരമായ നിയന്ത്രണം അതത് വകുപ്പുകള്‍ക്കുതന്നെയായിരുന്നു (കൃഷി ഓഫീസര്‍ കൃഷി വകുപ്പിനോടും സ്‌കൂളിലെ അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിനോടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മറ്റും ആരോഗ്യ വകുപ്പിനോടുമെല്ലാം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്). മുമ്പൊരിക്കലും പഞ്ചായത്തുകള്‍ കൈകാര്യം ചെയ്തിട്ടില്ലാത്തവിധം സാങ്കേതിക സങ്കീര്‍ണതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട എഞ്ചിനീയറിംഗ് വിഭാഗവും ഉണ്ടായിരുന്നില്ല. പൊതുമരാമത്ത് തുടങ്ങിയ വകപ്പുകളിലെ എഞ്ചിനീയര്‍മാരെ തന്നെ ഇതിനായി ആശ്രയിക്കേണ്ടിവന്നു. ഫലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് പഞ്ചായത്താണെങ്കിലും അതിന്റെ ചിട്ടവട്ടങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ വകുപ്പുകളുടേതുതന്നെയായിരുന്നു. ഇവര്‍ക്കു മേല്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ നിയന്ത്രണവുമില്ലായിരുന്നു. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തെക്കുറിച്ച് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയ പരിശീലനത്തിന്റെ കണക്കുകള്‍ (ചെലവടക്കം) പരിശോധിച്ചാല്‍ ആരും ഞെട്ടിപ്പോകും. വിഭവസമൃദ്ധമാണ് ഈ പരിശീലനങ്ങള്‍. എന്നാല്‍ ഇവയൊന്നും തന്നെ ഫലപ്രദമായില്ലെന്നു കാണാം.
സര്‍ക്കാറിന്റെ നിരവധി നയങ്ങളും നിര്‍ദേശങ്ങളും അധികാര വികേന്ദ്രീകരണത്തെ തസ്സപ്പെടുത്തുന്നവയായി ഇപ്പോഴുമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളില്‍ അഭിപ്രായം പറയാന്‍ പഞ്ചായത്തുകള്‍ക്കധികാരമില്ല. പാരിസ്ഥിതികമായി വന്‍ തകര്‍ച്ചയുണ്ടാക്കുന്ന നിരവധി ഖനന പദ്ധതികള്‍ക്കും പാടം നികത്തല്‍ പോലുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനാല്‍ പഞ്ചായത്തുകള്‍ നോക്കുകുത്തികളാകുന്നു. പ്ലാച്ചിമടയിലെ കോളക്കമ്പനി സര്‍ക്കാര്‍ കൂടി ഇടപെട്ടതിനാല്‍ പൂട്ടിയെന്നത് ശരി. എന്നാല്‍ പുതുശ്ശേരി പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും അവിടെയുള്ള പെപ്‌സിക്കമ്പനി അടച്ചുപൂട്ടിക്കാനായിട്ടില്ല. വ്യവസായമേഖലയിലാണിത് നില്‍ക്കുന്നതെന്ന തൊടുന്യായമുന്നയിച്ചാണ് ആ പെപ്‌സി കമ്പനി പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ ജലം കൊള്ള ചെയ്യുന്ന ഒരു കമ്പനിയുണ്ടാക്കുന്ന നാശം വ്യവസായ മേഖലക്ക് പുറത്തുമാകാമെന്ന സത്യം മറച്ചുപിടിക്കുന്നു. പ്ലാച്ചിമടയിലെ ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിദഗ്ധ സമിതി തീരുമാനിച്ചിട്ടും പഞ്ചായത്ത് ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വ്യവസായ വകുപ്പിലെ ചിലരുടെ കടുംപിടുത്തം മൂലം ഇതു നടക്കാതെ പോകുന്നുവെന്നും കാണാം. ഇതുപോലെതന്നെ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതേയില്ല. നീര്‍ത്തട സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു പഞ്ചായത്തില്‍ ഗംഭീരമായി പ്രസംഗിക്കുകയും അതിന്റെ പരിസരത്ത് കൂടി കടന്നുപോകുന്ന നദിയില്‍ മുകള്‍ ഭാഗത്ത് അണക്കെട്ട് നിര്‍മിക്കുകകയും ചെയ്താല്‍ പിന്നെന്തു പ്രയോജനം? ചുരുക്കത്തില്‍ പഞ്ചായത്തുകള്‍ക്കുണ്ടെന്ന് നിയമം പറയുന്ന പല അധികാരങ്ങളും അവര്‍ക്കില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും മറ്റുമായുണ്ടാക്കുന്ന കരാറുകള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നു. ജലനിധി തുടങ്ങിയ ലോകബാങ്ക് പദ്ധതികളുടെ ദുരന്തം പേറുന്നത് പഞ്ചായത്തുകളാണ്.
ഇപ്പറഞ്ഞ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് പോലും ചില കാര്യമായ ഇടപെടലുകള്‍ പഞ്ചായത്തുകള്‍ക്ക് നടത്താമെങ്കിലും അതൊന്നും നടക്കുന്നില്ലെന്നതാണ് ഏറെ ദുഃഖകരമായ കാര്യം. സമഗ്ര വികസനം, കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനം, അഴിമതിയില്ലാത്ത സുതാര്യ ഭരണം തുടങ്ങിയവയെല്ലാം ഇന്ന് സ്വപ്നം പോലുമല്ലാതായിരിക്കുന്നു. ജനകീയമായ എല്ലാ ഇടപെടല്‍ സാധ്യതകളും അടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗ്രാമസഭകള്‍ നിലനില്‍ക്കുന്നത് കടലാസില്‍ മാത്രമാണ്. ജനങ്ങള്‍ക്കതില്‍ യാതൊരു താല്‍പര്യവുമില്ല, വ്യക്തിഗത ഗുണഭോക്താക്കള്‍ക്കൊഴികെ! അവിടെയെടുക്കുന്ന ഒരു തീരുമാനവും നടപ്പിലാകാറില്ലെന്ന് ഏതൊരാള്‍ക്കുമറിയാം. അതുകൊണ്ടാരുമവിടെ പോകാറില്ല. കോറം തികക്കുന്നതിനുവേണ്ടി വീടുകളില്‍ കൊണ്ടുപോയി ഹാജര്‍ ഒപ്പിടുവിക്കലാണ് പതിവ്. പദ്ധതികള്‍ക്കുള്ള പണം പ്രാദേശികാവശ്യങ്ങള്‍ നോക്കി നീക്കിവെക്കലല്ല, മിക്കപ്പോഴും അംഗങ്ങള്‍ തമ്മില്‍ തുല്യമായി പങ്കുവെക്കലാണ്. പ്രാദേശികാവശ്യമൊന്നും പരിഗണിക്കപ്പെടാറില്ല. ജനകീയ കമ്മിറ്റികളും കടലാസില്‍ മാത്രം. ഭരണസമിതിക്കാരും അവരുടെ ബിനാമികളും പണം പങ്കുവെച്ചെടുക്കുന്നതിനാല്‍ തുല്യമായ വീതംവെപ്പ് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട തത്ത്വമാണ്. ഒരു നിമയവും ആരും പാലിക്കാറില്ല. ജനകീയാസൂത്രണ പദ്ധതികള്‍ ആരംഭിച്ച വര്‍ഷങ്ങളില്‍ നാലുതരം ഓഡിറ്റിംഗിന് കണക്കുകള്‍ വിധേയമായിരിക്കുമെന്ന് പറഞ്ഞിരുന്നു. തദ്ദേശവകുപ്പും കേന്ദ്ര സംസ്ഥാന സര്‍ക്കാറും നടത്തുന്ന പരിശോധനകള്‍ക്ക് പുറമെ ഓരോ വര്‍ഷത്തെ കണക്കും ഗ്രാമസഭകളിലെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കപ്പെടുമെന്ന് നിയമം പറയുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒന്നോ രണ്ടോ പ്രാവശ്യം (വര്‍ഷം) മാത്രമേ കണക്ക് പരിശോധന (സര്‍ക്കാര്‍ വഴി) നടന്നിട്ടുള്ളൂ. സാമൂഹിക ഓഡിറ്റിംഗ് എന്നത് ഇന്നൊരാള്‍ക്കും അറിയാത്ത വസ്തുതയാണ്. ഫലത്തില്‍ വികേന്ദ്രീകൃതമായി അഴിമതി നടത്താന്‍ താഴെ തട്ടിലുള്ള കക്ഷിനേതാക്കള്‍ക്ക് വരെ അവസരമൊരുക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് നേടാനായത്.
വികസനം സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കുള്ള വികലസങ്കല്‍പവും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡും കെട്ടിടങ്ങളും നിര്‍മിക്കലാണ് വികസനമെന്നാണ് പൊതുധാരണ. നീര്‍ത്തടാധിഷ്ഠിത വികസനമെന്നൊക്കെ രേഖയില്‍ കാണുമെങ്കിലും സ്വാഭാവിക ജനസ്രോതസ്സുകളെയും പാതകളെയും തകര്‍ക്കുന്നവയാണ് മിക്ക വികസന പദ്ധതികളും. നിരവധി പദ്ധതികള്‍- ഖനനവും പാടം നികത്തലും കെട്ടിട നിര്‍മാണവും റോഡുവെട്ടലുമെല്ലാം- തീര്‍ത്തും പ്രകൃതിവിരുദ്ധമായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്. വ്യവസായങ്ങള്‍ കാര്യമായില്ലെങ്കിലും ഉള്ളവ വന്‍തോതില്‍ മലിനീകരണം നടത്തുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ആവാസ രീതികളും പരിഗണിച്ചുകൊണ്ടു മാത്രമേ പദ്ധതികള്‍ക്ക് അനുമതി നല്‍കാവൂ എന്ന തത്ത്വം നിരന്തരം ലംഘിക്കപ്പെടുകയാണ്. പട്ടികജാതി വര്‍ഗ പദ്ധതികളുടെ നിര്‍വഹണം ഏതു വിധത്തിലാകണമെന്ന ധാരണ ഇപ്പോഴും രാഷ്ട്രീയ കക്ഷികള്‍ക്കില്ല. ദലിത് പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുള്ളവരല്ല. അത്തരം ധാരണയുള്ളവര്‍ ഇതില്‍ പെടുന്നുമില്ല. ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഘടക പദ്ധതി ഫണ്ട് വിനിയോഗിക്കപ്പെടുകയാണ്. അത് ലക്ഷ്യമാക്കുന്ന സമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നുമെന്ന് വിലയിരുത്തപ്പെടുന്നില്ല. മറ്റു പല വകുപ്പുകളില്‍നിന്നും വ്യത്യസ്തമായി എസ്.സി/എസ്.ടി ഫണ്ടിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതാണ് എസ്.സി വിഭാഗങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. ഒട്ടനവധി ഭവനനിര്‍മാണ പദ്ധതികള്‍ വന്നുവെങ്കിലും ഈ വിഭാഗത്തില്‍ പെടുന്നവരുടെ പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. പദ്ധതി ആസൂത്രണത്തിലെ തകരാറുകള്‍ മുതല്‍ അഴിമതിയും നിയമക്കുരുക്കുകളും വരെ ഇതിനു കാരണമാകുന്നു.
ഇതുപോലെ തന്നെയാണ് വനിതാ ഘടകപദ്ധതികളും. എന്താണ് വനിതകള്‍ക്കുള്ള പദ്ധതിയെന്നതിനെപ്പറ്റി വനിതാ ജനപ്രതിനിധികള്‍ക്കു പോലും വ്യക്തമായ ധാരണയില്ല. ഭരണസമിതികളില്‍ മൂന്നിലൊന്ന് വനിതകളായിരുന്നിട്ടും മൊത്തം ഫണ്ടിന്റെ പത്തിലൊന്ന് വനിതാ പദ്ധതിക്കായി ശരിയായി ചെലവഴിക്കാന്‍ കഴിയാറില്ല. മിക്കപ്പോഴും പുകയില്ലാത്ത അടുപ്പും ചൂടാറാപ്പെട്ടിയും അടുക്കളത്തോട്ടവും തയ്യല്‍ യന്ത്രവും ആടും കോഴിയുമാകും പദ്ധതികള്‍. ഇതിന്റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് ഇന്നു വ്യാപകമായിക്കാണുന്ന കുടുംബശ്രീ പ്രസ്ഥാനം. ഗ്രാമസകളെ ശക്തിപ്പെടുത്താനുള്ള അയല്‍ക്കൂട്ടങ്ങളും പിന്നീട് സ്ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുമായി ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. രാഷ്ട്രീയ കക്ഷികള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും യോഗത്തിന്നാളെ വിളിച്ചുകൂട്ടുകയെന്നത് ഇതുവഴി ഏറെ എളുപ്പമായിരിക്കുന്നു. സ്ത്രീകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടാരംഭിച്ച പ്രസ്ഥാനം ഇന്നവരെ പലിശ പിരിവുകാരും പ്രാദേശിക ബ്ലേഡ് കമ്പനിക്കാരുമാക്കി മാറ്റിയിരിക്കുന്നു. സ്വയം ചൂഷണത്തിന്റെ മാതൃകകളായി അവര്‍ മാറിയിരിക്കുന്നു. ഉല്‍പാദന മേഖലകളില്‍ ചെറിയ ചില ഇടപെടല്‍ നടത്താന്‍ ശ്രമിക്കുന്നില്ലെന്നല്ല, അത് വലിയ കാര്യമല്ല. മറിച്ച് ഒരു നാട്ടിലെ സമ്പന്നരുടെ മാലിന്യം വാരാന്‍ ഈ സ്ത്രീകളെ- അതും ദാരിദ്ര്യ രേഖക്കു താഴെയുള്ള ഭൂരിപക്ഷവും ദലിത് പിന്നാക്കക്കാരായവരെ- നിയോഗിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകളെ കൂടുതല്‍ അടിമകളാക്കുകയും അവരുടെ അരാഷ്ട്രീയവത്കരണത്തിനു വഴിതെളിക്കുകയും ചെയ്യുന്ന ഒന്നായി കുടുംബശ്രീകള്‍ മാറിയിരിക്കുന്നു.
ഇത് ഇനിയും നിരവധി മേഖലകളിലേക്ക് വ്യാപിപ്പിക്കാം. ഓരോന്നെടുത്താലും നാമെത്തിച്ചേരുക തീര്‍ത്തും അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു തദ്ദേശ ഭരണ സംവിധാനത്തിലാണ്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ അരാഷ്ട്രീയവത്കരിക്കപ്പെട്ടവരാണ്. അവരുടെയെല്ലാം ഘടന അധികാര കേന്ദ്രീകരണത്തിന്റേതാണ്. മേല്‍ കമ്മിറ്റികള്‍ക്ക് കീഴ്‌പ്പെടുന്ന താഴെ തല കമ്മിറ്റികളാണ് എല്ലാ കക്ഷികള്‍ക്കുമുള്ളത്. പല കക്ഷികളുടെയും അന്തിമ നേതൃത്വം ഒരു വ്യക്തിയിലായിരിക്കും കേന്ദ്രീകരിക്കുക. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അധികാരമേല്‍ക്കുന്ന പ്രാദേശിക നേതൃത്വങ്ങള്‍ എപ്പോഴും 'മേല്‍' കമ്മിറ്റികളുടെ ശാസനക്ക് കീഴിലായിരിക്കും. ഇതോടെ അധികാര വികേന്ദ്രീകരണം എന്ന സങ്കല്‍പം തന്നെ അപ്രസക്തമാകുന്നു. സംഘടനകളെ നിലനിര്‍ത്തുന്നത് പ്രത്യയശാസ്ത്രങ്ങളല്ല, അഴിമതിയാണ് എന്നതിനാല്‍ പാര്‍ട്ടികളിലെ മേല്‍-കീഴ് ബന്ധത്തിന്റെ അടിസ്ഥാനവും അഴിമതിയാകുന്നു. മുകളിലിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഏതഴിമതിക്കും താഴെയുള്ളവര്‍ തയാറാകുന്നു. തന്നോടൊപ്പം നില്‍ക്കുന്നവരെ ഏതപകടത്തില്‍നിന്നും രക്ഷിക്കുന്ന നേതാക്കള്‍ മുകളിലുള്ളേടത്തോളം ഒരഴിമതിയും കണ്ടുപിടിക്കപ്പെടില്ല. ഫലത്തില്‍ അധികാരം അഴിമതി നടത്താനുള്ള അവസരം മാത്രമാകുന്നു. തെരഞ്ഞെടുപ്പുകളില്‍ കാണിക്കുന്ന വാശി കേവലം അധികാര താല്‍പര്യം മാത്രമാണ്. കക്ഷികള്‍ തമ്മില്‍ നിലപാടുകളില്‍ യാതൊരു വ്യത്യാസവുമില്ല. അധികാരം നേടാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍, അധികാരത്തിലെത്തിയാല്‍ അത് തിരിച്ചു പിടിക്കാന്‍ ബാധ്യസ്ഥരാണല്ലോ. അധികാരം നേടാന്‍ കാലു മാറാനും കുതികാല്‍ വെട്ടാനും യാതൊരു മടിയുമില്ലാത്തവരാണ് നമ്മുടെ ജനപ്രതിനിധികളെന്നു തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വികസനം കക്ഷിരാഷ്ട്രീയത്തിനതീതമാകണമെന്ന മുദ്രാവാക്യത്തില്‍ തുടങ്ങിയ പ്രസ്ഥാനം ഇപ്പോള്‍ അഴിമതി കക്ഷിരാഷ്ട്രീയത്തിനതീതമാക്കിയിരിക്കുന്നു.
സര്‍ക്കാറുകള്‍ കൊണ്ടുവരുന്ന എല്ലാ സാമ്രാജ്യത്വ പദ്ധതികളെയും ഇവര്‍ സ്വാഗതം ചെയ്യുന്നു. എല്ലാം അഴിമതിക്ക് വന്‍ സാധ്യതയുള്ളവയാണ്. വിദ്യാഭ്യാസരംഗത്ത് ഡി.പി.ഇ.പി, പിന്നീട് എസ്.എസ്.എ, ആരോഗ്യ രംഗത്ത് എന്‍.ആര്‍.എച്ച്.എം, ജലവിതരണ മേഖലയില്‍ ജലനിധി തുടങ്ങി എ.ഡി.ബിയുടെയും ലോക ബാങ്കിന്റെയും പദ്ധതികളുടെ നടത്തിപ്പുകാരായി ഇവര്‍ മാറിയിരിക്കുന്നു.
തദ്ദേശ ഭരണത്തെ കക്ഷിരാഷ്ട്രീയത്തില്‍നിന്ന് മോചിപ്പിച്ച് അതിനെ രാഷ്ട്രീയവത്കരിക്കണം, ജനപക്ഷ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം. നാടെങ്ങും നടക്കുന്ന ജനകീയ സമരങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് തദ്ദേശ ഭരണത്തിലുണ്ടാകേണ്ടത്. കക്ഷി നേതൃത്വങ്ങളെ ചോദ്യം ചെയ്യുന്ന പ്രാദേശിക നേതൃത്വങ്ങള്‍ വളര്‍ന്നുവരണം. പ്ലാച്ചിമടയിലെ (പരിമിതമായതെങ്കിലും) വിജയം നമുക്ക് മാതൃയാകണം. സമരങ്ങളെ, നമ്മുടെ മണ്ണും വെള്ളവും വനവും കണ്ടലും തീരവും സംരക്ഷിക്കാനുള്ള സമരങ്ങളെ സഹായിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുണ്ടാകണം. അതാകട്ടെ ഈ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം.

കടപ്പാട്: കൊടിയത്തൂര്‍ ജനപക്ഷമുന്നണി