2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

അധികാര വികേന്ദ്രീകരണം പിഴച്ചതെവിടെ, തിരുത്തേണ്ടതെങ്ങനെ? .

സി.ആര്‍ നീലകണ്ഠന്‍

സാമൂഹിക വികസന ചരിത്രത്തില്‍ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന സംസ്ഥാനമാണ് കേരളം. ഉല്‍പാദന മേഖലകളിലെ വളര്‍ച്ചക്ക് ആനുപാതികമല്ലാത്തവിധം സാമൂഹിക വികസനം നടത്തി കേരളമാതൃകയെന്ന അത്ഭുതം സൃഷ്ടിച്ചവരാണ് നമ്മള്‍. സമത്വവും സാമൂഹികനീതിയും അതിലൂടെ വിതരണ സംവിധാനത്തിലെ നീതിയും വഴിയാണ് നാമിതു നേടിയതെന്നു പറയാം. സര്‍ക്കാര്‍ (ഭരണകൂട) ഭാഗത്തുനിന്നുണ്ടായ നിയമ ഭരണ നടപടികളോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം (സിവില്‍ സമൂഹം) നടത്തിയ ഇടപെടലുകളും ഈ വളര്‍ച്ചക്ക് കാരണമായിയെന്ന് അമര്‍ത്യ സെന്നിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുതല്‍ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ വരെ നീളുന്ന ആ സാമൂഹിക ഇടപെടലുകളുടെ ഏറ്റവുമൊടുവിലത്തെ പടിയാണ് ഇവിടെ നടപ്പിലാക്കിയ ജനകീയാസൂത്രണം അഥവാ അധികാര വികേന്ദ്രീകരണമെന്നാണ് 1997-'98 കാലത്ത് കേരളം ഭരിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നടപടിക്കു സമാന്തരമായി ജനകീയ ഇടപെടല്‍ സാധ്യതക്ക് അവസരം നല്‍കുന്നതിനാണ് ജനകീയാസൂത്രണ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നവര്‍ പറഞ്ഞു. ഏതാണ്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം എത്രമാത്രം ഫലപ്രദമായി എന്നു പരിശോധിക്കേണ്ടതുണ്ട്.
പടിവാതില്‍ക്കലെത്തിനില്‍ക്കുന്നുവെന്നതിനാല്‍ ജനങ്ങള്‍ക്ക് ഇതറിയാന്‍ താല്‍പര്യമുണ്ടാകും.
അധികാര വികേന്ദ്രീകരണമെന്ന സങ്കല്‍പത്തിന് ഇന്ത്യയില്‍ തന്നെ ഏറെ പഴക്കമുണ്ട്. യൂറോപ്പില്‍, വിശേഷിച്ച് സമ്പദ് സമൃദ്ധമെന്നറിയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ (സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ) രാജ്യങ്ങളില്‍ സാമൂഹിക സേവന ഭരണ മേഖല പൂര്‍ണമായും വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഈ ആശയം ഏറ്റവും മൂര്‍ത്തമായി അവതരിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. തന്റെ 'സ്വരാജ്' എന്ന സങ്കല്‍പം, കേവലം ബ്രിട്ടീഷുകാര്‍ വിട്ടുപോയ ഇന്ത്യ എന്നിടത്തവസാനിക്കുന്നില്ലെന്നും ഓരോ ഇന്ത്യന്‍ ഗ്രാമവും സ്വാശ്രയവും സമ്പദ്‌സമൃദ്ധവുമാകുന്നതാണ് അന്തിമ ലക്ഷ്യമെന്നും ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. അധികാരം എത്രമേല്‍ കേന്ദ്രീകരിക്കുന്നുവോ അത്രമേല്‍ ഹിംസാത്മകവും ദുഷിച്ചതുമാകും എന്നദ്ദേഹം കണ്ടറിഞ്ഞിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ ഇവിടെയും ഗാന്ധിജി വിസ്മരിക്കപ്പെടുകയായിരുന്നു.
എന്നാല്‍ കേരളത്തില്‍ ആദ്യമായി അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭ ഇക്കാര്യത്തില്‍ ചില ശ്രമങ്ങള്‍ നടത്തി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയവക്കൊപ്പം സമഗ്ര ഭരണപരിഷ്‌കാരവും ലക്ഷ്യമായിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്നതുപോലെ സംസ്ഥാന സര്‍ക്കാറും താഴെയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധവും ഏറെ ചര്‍ച്ചാ വിഷയമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ അന്നു ശ്രമിച്ചുവെങ്കിലും പിന്നീടത് മുന്നോട്ടു പോയില്ല. പിന്നീട് അഖിലേന്ത്യാ തലത്തില്‍ 73,74 ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും സമഗ്രമായ പഞ്ചായത്തീരാജ്- നഗരപാലികാ നിയമം പാസ്സാക്കപ്പെടുകയും ചെയ്തതോടെ കേരളത്തിലും ഈ ശ്രമങ്ങള്‍ ശക്തിപ്പെട്ടു.
ഇന്ത്യ ഏറെ വൈവിധ്യമുള്ള ഒരു രാഷ്ട്രമാണ്. ഓരോ സംസ്ഥാനങ്ങള്‍ തന്നെയും നിരവധി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ്. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ദില്ലിയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ ഇരുന്നുകൊണ്ട് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നത് തെറ്റായ ഒരു സങ്കല്‍പമാണെന്നറിയാന്‍ യാതൊരു പ്രയാസവുമില്ല. ഒപ്പം പ്രദേശങ്ങളുടെയും അവസ്ഥ മനസ്സിലാക്കി അവിടേക്കനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയത് (ഇതിനു പിന്നില്‍ പൂര്‍ണമായും സാമ്രാജ്യത്വ അജണ്ടയാണുണ്ടായിരുന്നതെന്നും മറ്റുമുള്ള അതിവാദങ്ങള്‍ അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സങ്കല്‍പത്തെ സമര്‍ഥമായി ഉപയോഗിച്ച് സാമ്രാജ്യത്വം ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനുമാകില്ല). ഒരു പ്രദേശത്തിനനുയോജ്യമായ കൃഷി, ജലസേചനം, ജലവിതരണം, ചെറുകിട വ്യവസായങ്ങള്‍, ഗതാഗതം, സാമൂഹിക സുരക്ഷ മുതലായവ നടപ്പിലാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് കഴിയുക. ഇവക്കെല്ലാം അഖിലേന്ത്യാ-സംസ്ഥാന തല മാനദണ്ഡങ്ങളുണ്ടാകുന്നത് ശരിയാകില്ല. ജനങ്ങള്‍ക്ക് കൂടുതല്‍ ഇടപെടാന്‍ കഴിയണമെങ്കില്‍ പ്രാദേശികമായി തീരുമാനങ്ങളെടുക്കുന്ന സംവിധാനങ്ങള്‍ വേണം. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇതിന് ഏറ്റവും യോജിച്ചവയാണ്.
1995-'96ല്‍ കേരളത്തിലും സമഗ്രമായ പഞ്ചായത്തീരാജ് -നഗരപാലികാ നിയമം പാസ്സായി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. എന്നാല്‍ ഈ പുതിയ അധികാര സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിക്കാവശ്യമായ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടത് 1997-'98 സാമ്പത്തിക വര്‍ഷത്തിലാണ്. നാളിതുവരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രധാന വരുമാനം കെട്ടിട-തൊഴില്‍ നികുതികളും സര്‍ക്കാര്‍ പലപ്പോഴും നല്‍കുന്ന ഗ്രാന്റുകളുമായിരുന്നു. അന്നന്നത്തെ ശമ്പളത്തിനു പോലും വരുമാനമില്ലാതിരുന്നവയായിരുന്നു മിക്ക പഞ്ചായത്തുകളും. എന്നാല്‍, 1997-'98ല്‍ ബജറ്റിന്റെ (ഏതാണ്ട്) മൂന്നിലൊന്ന് വരുന്നതുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചു. ചെറിയ പഞ്ചായത്തുകള്‍ക്കു പോലും പത്തും മുപ്പതും ലക്ഷം രൂപ വരെ കിട്ടുമെന്ന സ്ഥിതിയായി. പെട്ടെന്നു ലഭിച്ച സമ്പത്തും അധികാരവും കൈകാര്യം ചെയ്യാന്‍ വേണ്ട ശേഷി തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നില്ല. ഇതിനു വേണ്ട മാനവവിഭവം ഒരിടത്തുമുണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പദ്ധതികളുടെ നിര്‍വഹണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായി. സര്‍ക്കാര്‍ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പഞ്ചായത്തിനു കീഴിലേക്കു മാറ്റാനും പുതിയവരെ നല്‍കാനും സര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടു. പദ്ധതി നിര്‍വഹണത്തിനാവശ്യമായ നൂറു കണക്കിനു ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതായി വന്നു. ഇതിനായി ദിവസേനയെന്നോണം അഞ്ചും ആറും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കിക്കൊണ്ടിരുന്നു. തീര്‍ത്തും പുതിയൊരു മേഖലയെന്ന നിലയില്‍ തുടക്കത്തിലെ അപര്യാപ്തതകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും പഞ്ചായത്തുകളുടെ പദ്ധതികളുമായി ഘടിപ്പിക്കാന്‍ തീരുമാനമായി.
ജനകീയാസൂത്രണം നടപ്പിലാക്കുന്നതിനു വേണ്ടി തയാറാക്കപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒരു പരിധിവരെ സമഗ്രമാണ് എന്നു പറയാം. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും എത്ര തുക വീതം കിട്ടുമെന്നത് യാതൊരു പരാതിക്കുമിടയില്ലാത്തവിധം സുതാര്യമായി നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ടായി. ജനസംഖ്യ, അതില്‍തന്നെ പട്ടികകജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന്റെ എണ്ണം തുടങ്ങിയവ പരിഗണിച്ചാണ് വിഹിതം നിശ്ചയിക്കപ്പെടുന്നത്. പദ്ധതികളെ ഉല്‍പാദന-സേവന-പശ്ചാത്തല മേഖലകളായി തിരിച്ചിട്ടുണ്ട്. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം, ജൈവവള നിര്‍മാണം, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ഉല്‍പാദന മേഖല. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, കുടിവെള്ളം, സാമൂഹിക ക്ഷേമം തുടങ്ങിയവയാണ് സേവന മേഖലയില്‍ പെടുന്നത്. ഗതാഗതം, വൈദ്യുതി വിതരണം, കെട്ടിട നിര്‍മാണം മുതലായവയാണ് പശ്ചാത്തല മേഖല. ഇതോടൊപ്പംതന്നെ പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടക പദ്ധതികളും വനിതാ ഘടക പദ്ധതികളും വരുന്നുണ്ട്. മൊത്തം പദ്ധതിത്തുകയുടെ 10 ശതമാനം വനിതാ ഘടക പദ്ധതികള്‍ക്കായി മാറ്റിവെക്കണം.
ഓരോ മേഖലയിലും പെട്ട സര്‍ക്കാര്‍ വകുപ്പ് സ്ഥാപനങ്ങള്‍-കൃഷി, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം, പ്രാഥമികാരോഗ്യ കേന്ദ്രം മുതലായവ- പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണ വിഷയത്തില്‍ പഞ്ചായത്തിനു കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണം. ഓരോ പദ്ധതിയും എങ്ങനെ രൂപപ്പെടണമെന്നും അവയെങ്ങനെ നിര്‍വഹിക്കപ്പെടണമെന്നുമുള്ള ചട്ടങ്ങള്‍ പാലിക്കുന്നു എന്നുറപ്പുവരുത്താനുള്ള ചുമതല ഈ ഉദ്യോഗസ്ഥര്‍ക്കാണ്. പ്രാഥമിക ഗ്രാമസഭകള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച വികസനാവശ്യങ്ങള്‍, പഞ്ചായത്തുതല കര്‍മസമിതികള്‍ ചേര്‍ന്ന് ക്രോഡീകരിച്ച് പഞ്ചായത്തിന്റെ വികസന രേഖ തയാറാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കരട് പദ്ധതി നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി ഗ്രാമസഭകള്‍ അതതു പ്രദേശങ്ങള്‍ക്കു കൂടി സ്വീകാര്യമായ വിധത്തില്‍ രൂപഭേദങ്ങള്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങളെല്ലാം ക്രോഡീകരിച്ച് പദ്ധതി രേഖയുടെ കരട് വികസന സെമിനാറില്‍ അവതരിപ്പിക്കുന്നു. വിവിധ വിഷയ സമിതികളായി തിരിഞ്ഞിരുന്ന് ഇവ ചര്‍ച്ച ചെയ്ത് അന്തിമ പദ്ധതി നിര്‍ദേശങ്ങളാക്കുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ എസ്റ്റിമേറ്റും മറ്റും തയാറാക്കി വിദഗ്ധ സമിതിയുടെ പരിശോധനക്കു നല്‍കുന്നു. അവര്‍ അംഗീകരിച്ച പദ്ധതി ജില്ലാ ആസൂത്രണ സമിതി പരിശോധിച്ച് അംഗീകാരം നല്‍കുന്നു. സാങ്കേതികമോ നിയമപരമോ ആയ തകരാറുകള്‍ കണ്ടെത്തിയാല്‍ അവ തിരുത്തി മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുള്ളൂ.
ഗ്രാമസഭകള്‍ പഞ്ചായത്തീരാജ് നിയമത്തില്‍ ഏറെ നിര്‍ണായകമാണ്. അതിന് ഒട്ടേറെ അധികാരങ്ങളുണ്ട്. ഗ്രാമസഭയുടെ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ പഞ്ചായത്ത് ഭരണസമിതക്കധികാരമില്ല. ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയാത്ത ഭരണഘടനാ സ്ഥാപനമാണ് ഗ്രാമസഭയെന്നു നിയമം പറയുന്നു. ഒരു ഗ്രാമസഭക്കു കീഴിലെ പ്രദേശത്ത് ഖനനം നടത്തുന്നതോ മലിനീകരണം നടത്തുന്നതോ തടയാന്‍ അവര്‍ക്കു കഴിയും. ഗുണഭോക്താക്കളായ വ്യക്തികളെയോ കുടുംബങ്ങളെയോ തെരഞ്ഞെടുക്കാന്‍ ഗ്രാമസഭക്കാണധികാരം. ചുരുക്കത്തില്‍ ഒരു വാര്‍ഡിലെ ജീവിതം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്ന ഗ്രാമസഭയില്‍ ഇടപെടാന്‍ ഓരോ പൗരനും അവകാശമുണ്ട്. പദ്ധതി നിര്‍വഹണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ നിരവധി ചട്ടങ്ങളുണ്ട്. എല്ലാ നിര്‍വഹണങ്ങളും ഗുണഭോക്തൃ സമിതികള്‍ വഴി നടത്തണമെന്നാണ് നിയമം വിഭാവനം ചെയ്തവര്‍ ഉദ്ദേശിച്ചിരുന്നത്. ഇതുവഴി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും കാലതാമസം ഒഴിവാക്കാനും അഴിമതി തടയാനും കഴിയുമെന്നാണ് കരുതിയിരുന്നത്. തീര്‍ത്തും സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിശദമായി എഴുതണം- അതിനുപയോഗിക്കുന്ന സാമഗ്രികളുടെയും തൊഴിലിന്റെയും കണക്കുകളും മറ്റും. ഗുണനിലവാരം ഇടക്കിടെയും ഒടുവിലും പരിശോധിക്കാന്‍ വിദഗ്ധ സമിതികള്‍ക്കു മാത്രമല്ല ഏതു പൗരനും അവകാശമുണ്ട്.
വനിത, പട്ടിക ഘടക പദ്ധതികളുടെ നിര്‍വഹണത്തിനും വ്യക്തമായ ചട്ടങ്ങളുണ്ട്. അവ ഓരോ പദ്ധതിയിലും (വര്‍ഷത്തിലും) നിര്‍വഹിച്ചുവോ എന്ന് പരിശോധിക്കാനും അതു പൂര്‍ണമായില്ലെങ്കില്‍ അതിന്റെ തുക കൂടി അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാനും വ്യവസ്ഥയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ്. ഇവക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കലാണ് സ്ഥാപനങ്ങളുടെ പ്രധാന കടമ. നിരന്തര ചെലവുകള്‍ അതത് വകുപ്പുകള്‍ (ആരോഗ്യം, കൃഷി മുതലായവ) വഹിക്കും. വിദ്യാഭ്യാസ മേഖലയിലും ഇതുതന്നെയാണവസ്ഥ. സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്കാണധികാരം. നഗര(ഖര) മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന കടമകളിലൊന്നാണ്. ചെറുകിട വെള്ളപദ്ധതികള്‍ നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്കധികാരമുണ്ട്. ഇവിടെയും തുടര്‍ച്ചെലവുകള്‍ വഹിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. റോഡുകള്‍, തെരുവ് വിളക്കുകള്‍, ഭവന നിര്‍മാണം, ശുചിത്വം, അംഗന്‍വാടി തുടങ്ങിയ ശിശുക്ഷേമ പദ്ധതികള്‍ മുതലായവയെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്.
ഒറ്റ നോട്ടത്തില്‍ തീര്‍ത്തും കുറ്റമറ്റതും ജനകീയവുമായ ഒന്നാണിതെന്ന ധാരണയാണ് തുടക്കത്തില്‍ ഈ ലേഖകനടക്കമുള്ളവര്‍ക്കുണ്ടായിരുന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് തന്നെ മുന്നിട്ടിറങ്ങിയാണിതാരംഭിച്ചത്. ഇരു മുന്നണികളായി പരസ്പരം കടിച്ചുകീറിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ വികസന മേഖല മുന്നോട്ടുപോകുന്നില്ലെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി താഴെ തട്ടില്‍ ജനങ്ങള്‍ ഒരുമിച്ചു നിന്ന് വികസനം സാധ്യമാക്കാനുള്ള ഒരു മാര്‍ഗമാണിതെന്നുമെല്ലാമാണ് ഇ.എം.എസ് പറഞ്ഞത്. പാര്‍ലമെന്റ്, നിയമസഭ മുതലായവകളില്‍നിന്ന് വ്യത്യസ്തമായി കേവലം കക്ഷി-മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല തദ്ദേശ സഭകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവിടെ ഭരണ പ്രതിപക്ഷങ്ങളില്ല. സ്റ്റാന്റിംഗ് കമ്മിറ്റികളാണ് ഭരണം നടത്തുന്നത്. എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗങ്ങളാകുന്നു.
പരിമിതികള്‍- പരാജയങ്ങള്‍
എന്നാല്‍ ഇത്തരമൊരു ധാരണയിലാരംഭിച്ച അധികാര വികേന്ദ്രീകരണം ഇന്നെത്തിനില്‍ക്കുന്നതെവിടെയാണ്? എന്തായിരുന്നു അതിന്റെ പരിമിതികള്‍? എവിടെയാണതിനു പിഴച്ചത്? തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്. ഭരണപരമായ പരിമിതികളില്‍നിന്ന് തുടങ്ങാം. ഒട്ടനവധി അധികാരങ്ങളും സമ്പത്തും ഒറ്റയടിക്ക് കൈമാറ്റം ചെയ്തപ്പോള്‍ അതു കൈകാര്യം ചെയ്യാന്‍ വേണ്ട ശേഷി താഴെത്തട്ടിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ (കൃഷി, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം മുതലായവ) പഞ്ചായത്തുകള്‍ക്കു കീഴിലാക്കിയെങ്കിലും ഇവരുടെ സ്റ്റാഫിന്റെ ഭരണപരമായ നിയന്ത്രണം അതത് വകുപ്പുകള്‍ക്കുതന്നെയായിരുന്നു (കൃഷി ഓഫീസര്‍ കൃഷി വകുപ്പിനോടും സ്‌കൂളിലെ അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിനോടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മറ്റും ആരോഗ്യ വകുപ്പിനോടുമെല്ലാം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്). മുമ്പൊരിക്കലും പഞ്ചായത്തുകള്‍ കൈകാര്യം ചെയ്തിട്ടില്ലാത്തവിധം സാങ്കേതിക സങ്കീര്‍ണതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട എഞ്ചിനീയറിംഗ് വിഭാഗവും ഉണ്ടായിരുന്നില്ല. പൊതുമരാമത്ത് തുടങ്ങിയ വകപ്പുകളിലെ എഞ്ചിനീയര്‍മാരെ തന്നെ ഇതിനായി ആശ്രയിക്കേണ്ടിവന്നു. ഫലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് പഞ്ചായത്താണെങ്കിലും അതിന്റെ ചിട്ടവട്ടങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ വകുപ്പുകളുടേതുതന്നെയായിരുന്നു. ഇവര്‍ക്കു മേല്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ നിയന്ത്രണവുമില്ലായിരുന്നു. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തെക്കുറിച്ച് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയ പരിശീലനത്തിന്റെ കണക്കുകള്‍ (ചെലവടക്കം) പരിശോധിച്ചാല്‍ ആരും ഞെട്ടിപ്പോകും. വിഭവസമൃദ്ധമാണ് ഈ പരിശീലനങ്ങള്‍. എന്നാല്‍ ഇവയൊന്നും തന്നെ ഫലപ്രദമായില്ലെന്നു കാണാം.
സര്‍ക്കാറിന്റെ നിരവധി നയങ്ങളും നിര്‍ദേശങ്ങളും അധികാര വികേന്ദ്രീകരണത്തെ തസ്സപ്പെടുത്തുന്നവയായി ഇപ്പോഴുമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളില്‍ അഭിപ്രായം പറയാന്‍ പഞ്ചായത്തുകള്‍ക്കധികാരമില്ല. പാരിസ്ഥിതികമായി വന്‍ തകര്‍ച്ചയുണ്ടാക്കുന്ന നിരവധി ഖനന പദ്ധതികള്‍ക്കും പാടം നികത്തല്‍ പോലുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനാല്‍ പഞ്ചായത്തുകള്‍ നോക്കുകുത്തികളാകുന്നു. പ്ലാച്ചിമടയിലെ കോളക്കമ്പനി സര്‍ക്കാര്‍ കൂടി ഇടപെട്ടതിനാല്‍ പൂട്ടിയെന്നത് ശരി. എന്നാല്‍ പുതുശ്ശേരി പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും അവിടെയുള്ള പെപ്‌സിക്കമ്പനി അടച്ചുപൂട്ടിക്കാനായിട്ടില്ല. വ്യവസായമേഖലയിലാണിത് നില്‍ക്കുന്നതെന്ന തൊടുന്യായമുന്നയിച്ചാണ് ആ പെപ്‌സി കമ്പനി പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ ജലം കൊള്ള ചെയ്യുന്ന ഒരു കമ്പനിയുണ്ടാക്കുന്ന നാശം വ്യവസായ മേഖലക്ക് പുറത്തുമാകാമെന്ന സത്യം മറച്ചുപിടിക്കുന്നു. പ്ലാച്ചിമടയിലെ ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിദഗ്ധ സമിതി തീരുമാനിച്ചിട്ടും പഞ്ചായത്ത് ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വ്യവസായ വകുപ്പിലെ ചിലരുടെ കടുംപിടുത്തം മൂലം ഇതു നടക്കാതെ പോകുന്നുവെന്നും കാണാം. ഇതുപോലെതന്നെ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതേയില്ല. നീര്‍ത്തട സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു പഞ്ചായത്തില്‍ ഗംഭീരമായി പ്രസംഗിക്കുകയും അതിന്റെ പരിസരത്ത് കൂടി കടന്നുപോകുന്ന നദിയില്‍ മുകള്‍ ഭാഗത്ത് അണക്കെട്ട് നിര്‍മിക്കുകകയും ചെയ്താല്‍ പിന്നെന്തു പ്രയോജനം? ചുരുക്കത്തില്‍ പഞ്ചായത്തുകള്‍ക്കുണ്ടെന്ന് നിയമം പറയുന്ന പല അധികാരങ്ങളും അവര്‍ക്കില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും മറ്റുമായുണ്ടാക്കുന്ന കരാറുകള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നു. ജലനിധി തുടങ്ങിയ ലോകബാങ്ക് പദ്ധതികളുടെ ദുരന്തം പേറുന്നത് പഞ്ചായത്തുകളാണ്.
ഇപ്പറഞ്ഞ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് പോലും ചില കാര്യമായ ഇടപെടലുകള്‍ പഞ്ചായത്തുകള്‍ക്ക് നടത്താമെങ്കിലും അതൊന്നും നടക്കുന്നില്ലെന്നതാണ് ഏറെ ദുഃഖകരമായ കാര്യം. സമഗ്ര വികസനം, കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനം, അഴിമതിയില്ലാത്ത സുതാര്യ ഭരണം തുടങ്ങിയവയെല്ലാം ഇന്ന് സ്വപ്നം പോലുമല്ലാതായിരിക്കുന്നു. ജനകീയമായ എല്ലാ ഇടപെടല്‍ സാധ്യതകളും അടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗ്രാമസഭകള്‍ നിലനില്‍ക്കുന്നത് കടലാസില്‍ മാത്രമാണ്. ജനങ്ങള്‍ക്കതില്‍ യാതൊരു താല്‍പര്യവുമില്ല, വ്യക്തിഗത ഗുണഭോക്താക്കള്‍ക്കൊഴികെ! അവിടെയെടുക്കുന്ന ഒരു തീരുമാനവും നടപ്പിലാകാറില്ലെന്ന് ഏതൊരാള്‍ക്കുമറിയാം. അതുകൊണ്ടാരുമവിടെ പോകാറില്ല. കോറം തികക്കുന്നതിനുവേണ്ടി വീടുകളില്‍ കൊണ്ടുപോയി ഹാജര്‍ ഒപ്പിടുവിക്കലാണ് പതിവ്. പദ്ധതികള്‍ക്കുള്ള പണം പ്രാദേശികാവശ്യങ്ങള്‍ നോക്കി നീക്കിവെക്കലല്ല, മിക്കപ്പോഴും അംഗങ്ങള്‍ തമ്മില്‍ തുല്യമായി പങ്കുവെക്കലാണ്. പ്രാദേശികാവശ്യമൊന്നും പരിഗണിക്കപ്പെടാറില്ല. ജനകീയ കമ്മിറ്റികളും കടലാസില്‍ മാത്രം. ഭരണസമിതിക്കാരും അവരുടെ ബിനാമികളും പണം പങ്കുവെച്ചെടുക്കുന്നതിനാല്‍ തുല്യമായ വീതംവെപ്പ് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട തത്ത്വമാണ്. ഒരു നിമയവും ആരും പാലിക്കാറില്ല. ജനകീയാസൂത്രണ പദ്ധതികള്‍ ആരംഭിച്ച വര്‍ഷങ്ങളില്‍ നാലുതരം ഓഡിറ്റിംഗിന് കണക്കുകള്‍ വിധേയമായിരിക്കുമെന്ന് പറഞ്ഞിരുന്നു. തദ്ദേശവകുപ്പും കേന്ദ്ര സംസ്ഥാന സര്‍ക്കാറും നടത്തുന്ന പരിശോധനകള്‍ക്ക് പുറമെ ഓരോ വര്‍ഷത്തെ കണക്കും ഗ്രാമസഭകളിലെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കപ്പെടുമെന്ന് നിയമം പറയുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒന്നോ രണ്ടോ പ്രാവശ്യം (വര്‍ഷം) മാത്രമേ കണക്ക് പരിശോധന (സര്‍ക്കാര്‍ വഴി) നടന്നിട്ടുള്ളൂ. സാമൂഹിക ഓഡിറ്റിംഗ് എന്നത് ഇന്നൊരാള്‍ക്കും അറിയാത്ത വസ്തുതയാണ്. ഫലത്തില്‍ വികേന്ദ്രീകൃതമായി അഴിമതി നടത്താന്‍ താഴെ തട്ടിലുള്ള കക്ഷിനേതാക്കള്‍ക്ക് വരെ അവസരമൊരുക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് നേടാനായത്.
വികസനം സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കുള്ള വികലസങ്കല്‍പവും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡും കെട്ടിടങ്ങളും നിര്‍മിക്കലാണ് വികസനമെന്നാണ് പൊതുധാരണ. നീര്‍ത്തടാധിഷ്ഠിത വികസനമെന്നൊക്കെ രേഖയില്‍ കാണുമെങ്കിലും സ്വാഭാവിക ജനസ്രോതസ്സുകളെയും പാതകളെയും തകര്‍ക്കുന്നവയാണ് മിക്ക വികസന പദ്ധതികളും. നിരവധി പദ്ധതികള്‍- ഖനനവും പാടം നികത്തലും കെട്ടിട നിര്‍മാണവും റോഡുവെട്ടലുമെല്ലാം- തീര്‍ത്തും പ്രകൃതിവിരുദ്ധമായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്. വ്യവസായങ്ങള്‍ കാര്യമായില്ലെങ്കിലും ഉള്ളവ വന്‍തോതില്‍ മലിനീകരണം നടത്തുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ആവാസ രീതികളും പരിഗണിച്ചുകൊണ്ടു മാത്രമേ പദ്ധതികള്‍ക്ക് അനുമതി നല്‍കാവൂ എന്ന തത്ത്വം നിരന്തരം ലംഘിക്കപ്പെടുകയാണ്. പട്ടികജാതി വര്‍ഗ പദ്ധതികളുടെ നിര്‍വഹണം ഏതു വിധത്തിലാകണമെന്ന ധാരണ ഇപ്പോഴും രാഷ്ട്രീയ കക്ഷികള്‍ക്കില്ല. ദലിത് പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുള്ളവരല്ല. അത്തരം ധാരണയുള്ളവര്‍ ഇതില്‍ പെടുന്നുമില്ല. ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഘടക പദ്ധതി ഫണ്ട് വിനിയോഗിക്കപ്പെടുകയാണ്. അത് ലക്ഷ്യമാക്കുന്ന സമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നുമെന്ന് വിലയിരുത്തപ്പെടുന്നില്ല. മറ്റു പല വകുപ്പുകളില്‍നിന്നും വ്യത്യസ്തമായി എസ്.സി/എസ്.ടി ഫണ്ടിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതാണ് എസ്.സി വിഭാഗങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. ഒട്ടനവധി ഭവനനിര്‍മാണ പദ്ധതികള്‍ വന്നുവെങ്കിലും ഈ വിഭാഗത്തില്‍ പെടുന്നവരുടെ പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. പദ്ധതി ആസൂത്രണത്തിലെ തകരാറുകള്‍ മുതല്‍ അഴിമതിയും നിയമക്കുരുക്കുകളും വരെ ഇതിനു കാരണമാകുന്നു.
ഇതുപോലെ തന്നെയാണ് വനിതാ ഘടകപദ്ധതികളും. എന്താണ് വനിതകള്‍ക്കുള്ള പദ്ധതിയെന്നതിനെപ്പറ്റി വനിതാ ജനപ്രതിനിധികള്‍ക്കു പോലും വ്യക്തമായ ധാരണയില്ല. ഭരണസമിതികളില്‍ മൂന്നിലൊന്ന് വനിതകളായിരുന്നിട്ടും മൊത്തം ഫണ്ടിന്റെ പത്തിലൊന്ന് വനിതാ പദ്ധതിക്കായി ശരിയായി ചെലവഴിക്കാന്‍ കഴിയാറില്ല. മിക്കപ്പോഴും പുകയില്ലാത്ത അടുപ്പും ചൂടാറാപ്പെട്ടിയും അടുക്കളത്തോട്ടവും തയ്യല്‍ യന്ത്രവും ആടും കോഴിയുമാകും പദ്ധതികള്‍. ഇതിന്റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് ഇന്നു വ്യാപകമായിക്കാണുന്ന കുടുംബശ്രീ പ്രസ്ഥാനം. ഗ്രാമസകളെ ശക്തിപ്പെടുത്താനുള്ള അയല്‍ക്കൂട്ടങ്ങളും പിന്നീട് സ്ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുമായി ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. രാഷ്ട്രീയ കക്ഷികള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും യോഗത്തിന്നാളെ വിളിച്ചുകൂട്ടുകയെന്നത് ഇതുവഴി ഏറെ എളുപ്പമായിരിക്കുന്നു. സ്ത്രീകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടാരംഭിച്ച പ്രസ്ഥാനം ഇന്നവരെ പലിശ പിരിവുകാരും പ്രാദേശിക ബ്ലേഡ് കമ്പനിക്കാരുമാക്കി മാറ്റിയിരിക്കുന്നു. സ്വയം ചൂഷണത്തിന്റെ മാതൃകകളായി അവര്‍ മാറിയിരിക്കുന്നു. ഉല്‍പാദന മേഖലകളില്‍ ചെറിയ ചില ഇടപെടല്‍ നടത്താന്‍ ശ്രമിക്കുന്നില്ലെന്നല്ല, അത് വലിയ കാര്യമല്ല. മറിച്ച് ഒരു നാട്ടിലെ സമ്പന്നരുടെ മാലിന്യം വാരാന്‍ ഈ സ്ത്രീകളെ- അതും ദാരിദ്ര്യ രേഖക്കു താഴെയുള്ള ഭൂരിപക്ഷവും ദലിത് പിന്നാക്കക്കാരായവരെ- നിയോഗിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകളെ കൂടുതല്‍ അടിമകളാക്കുകയും അവരുടെ അരാഷ്ട്രീയവത്കരണത്തിനു വഴിതെളിക്കുകയും ചെയ്യുന്ന ഒന്നായി കുടുംബശ്രീകള്‍ മാറിയിരിക്കുന്നു.
ഇത് ഇനിയും നിരവധി മേഖലകളിലേക്ക് വ്യാപിപ്പിക്കാം. ഓരോന്നെടുത്താലും നാമെത്തിച്ചേരുക തീര്‍ത്തും അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു തദ്ദേശ ഭരണ സംവിധാനത്തിലാണ്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ അരാഷ്ട്രീയവത്കരിക്കപ്പെട്ടവരാണ്. അവരുടെയെല്ലാം ഘടന അധികാര കേന്ദ്രീകരണത്തിന്റേതാണ്. മേല്‍ കമ്മിറ്റികള്‍ക്ക് കീഴ്‌പ്പെടുന്ന താഴെ തല കമ്മിറ്റികളാണ് എല്ലാ കക്ഷികള്‍ക്കുമുള്ളത്. പല കക്ഷികളുടെയും അന്തിമ നേതൃത്വം ഒരു വ്യക്തിയിലായിരിക്കും കേന്ദ്രീകരിക്കുക. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അധികാരമേല്‍ക്കുന്ന പ്രാദേശിക നേതൃത്വങ്ങള്‍ എപ്പോഴും 'മേല്‍' കമ്മിറ്റികളുടെ ശാസനക്ക് കീഴിലായിരിക്കും. ഇതോടെ അധികാര വികേന്ദ്രീകരണം എന്ന സങ്കല്‍പം തന്നെ അപ്രസക്തമാകുന്നു. സംഘടനകളെ നിലനിര്‍ത്തുന്നത് പ്രത്യയശാസ്ത്രങ്ങളല്ല, അഴിമതിയാണ് എന്നതിനാല്‍ പാര്‍ട്ടികളിലെ മേല്‍-കീഴ് ബന്ധത്തിന്റെ അടിസ്ഥാനവും അഴിമതിയാകുന്നു. മുകളിലിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഏതഴിമതിക്കും താഴെയുള്ളവര്‍ തയാറാകുന്നു. തന്നോടൊപ്പം നില്‍ക്കുന്നവരെ ഏതപകടത്തില്‍നിന്നും രക്ഷിക്കുന്ന നേതാക്കള്‍ മുകളിലുള്ളേടത്തോളം ഒരഴിമതിയും കണ്ടുപിടിക്കപ്പെടില്ല. ഫലത്തില്‍ അധികാരം അഴിമതി നടത്താനുള്ള അവസരം മാത്രമാകുന്നു. തെരഞ്ഞെടുപ്പുകളില്‍ കാണിക്കുന്ന വാശി കേവലം അധികാര താല്‍പര്യം മാത്രമാണ്. കക്ഷികള്‍ തമ്മില്‍ നിലപാടുകളില്‍ യാതൊരു വ്യത്യാസവുമില്ല. അധികാരം നേടാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍, അധികാരത്തിലെത്തിയാല്‍ അത് തിരിച്ചു പിടിക്കാന്‍ ബാധ്യസ്ഥരാണല്ലോ. അധികാരം നേടാന്‍ കാലു മാറാനും കുതികാല്‍ വെട്ടാനും യാതൊരു മടിയുമില്ലാത്തവരാണ് നമ്മുടെ ജനപ്രതിനിധികളെന്നു തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വികസനം കക്ഷിരാഷ്ട്രീയത്തിനതീതമാകണമെന്ന മുദ്രാവാക്യത്തില്‍ തുടങ്ങിയ പ്രസ്ഥാനം ഇപ്പോള്‍ അഴിമതി കക്ഷിരാഷ്ട്രീയത്തിനതീതമാക്കിയിരിക്കുന്നു.
സര്‍ക്കാറുകള്‍ കൊണ്ടുവരുന്ന എല്ലാ സാമ്രാജ്യത്വ പദ്ധതികളെയും ഇവര്‍ സ്വാഗതം ചെയ്യുന്നു. എല്ലാം അഴിമതിക്ക് വന്‍ സാധ്യതയുള്ളവയാണ്. വിദ്യാഭ്യാസരംഗത്ത് ഡി.പി.ഇ.പി, പിന്നീട് എസ്.എസ്.എ, ആരോഗ്യ രംഗത്ത് എന്‍.ആര്‍.എച്ച്.എം, ജലവിതരണ മേഖലയില്‍ ജലനിധി തുടങ്ങി എ.ഡി.ബിയുടെയും ലോക ബാങ്കിന്റെയും പദ്ധതികളുടെ നടത്തിപ്പുകാരായി ഇവര്‍ മാറിയിരിക്കുന്നു.
തദ്ദേശ ഭരണത്തെ കക്ഷിരാഷ്ട്രീയത്തില്‍നിന്ന് മോചിപ്പിച്ച് അതിനെ രാഷ്ട്രീയവത്കരിക്കണം, ജനപക്ഷ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം. നാടെങ്ങും നടക്കുന്ന ജനകീയ സമരങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് തദ്ദേശ ഭരണത്തിലുണ്ടാകേണ്ടത്. കക്ഷി നേതൃത്വങ്ങളെ ചോദ്യം ചെയ്യുന്ന പ്രാദേശിക നേതൃത്വങ്ങള്‍ വളര്‍ന്നുവരണം. പ്ലാച്ചിമടയിലെ (പരിമിതമായതെങ്കിലും) വിജയം നമുക്ക് മാതൃയാകണം. സമരങ്ങളെ, നമ്മുടെ മണ്ണും വെള്ളവും വനവും കണ്ടലും തീരവും സംരക്ഷിക്കാനുള്ള സമരങ്ങളെ സഹായിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുണ്ടാകണം. അതാകട്ടെ ഈ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം.

കടപ്പാട്: കൊടിയത്തൂര്‍ ജനപക്ഷമുന്നണി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ