നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ. ഒക്ടോബര്‍ 23നും 25നും ആണ് തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ഒന്നും മിണ്ടണ്ട എന്ന് കരുതിയതായിരുന്നു ഞാന്‍ . കാരണം ഇടതായാലും വലതായാലും രാഷ്ട്രീയക്കാരല്ലേ പഞ്ചായത്തുകളില്‍ കയറിക്കൂടുക. അവര്‍ എന്ത് ചെയ്യാന്‍ ? നമ്മള്‍ കുറെ കണ്ടില്ലേ. എന്തോ ആയിക്കോട്ടെ, നമ്മള്‍ക്ക് ഇതില്‍ കാര്യമൊന്നും ഇല്ലെന്നത്കൊണ്ട് വെറുതെയിരിക്കാമെന്ന് കരുതിയതായിരുന്നു. പൂച്ചയ്ക്ക് മണി കെട്ടാന്‍ ആരെങ്കിലും ഒരുമ്പെടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ എന്റെ മുന്‍വിധികളെ തകര്‍ത്തുകൊണ്ട് ഇപ്പോള്‍ നാടൊട്ടാകെ ജനകീയ സമിതികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം പൊരുതിയ സംഘടനകളും വ്യക്തികളും ഗ്രൂപ്പുകളും ഒക്കെയാണ് ഈ സമിതികളില്‍ കൈ കോര്‍ത്തുകൊണ്ട് പഞ്ചായത്തുകളിലെ വോട്ടര്‍മാരെ സമീപിക്കുന്നത്. ഒരു പന്ത്രണ്ട് ഇന മുദ്രാവാക്യവുമായിട്ടാണ് ഈ മുന്നണി ജനങ്ങളെ സമീപിക്കുന്നത്. ഇവര്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും എന്നത് പ്രശ്നമേയല്ല. പുതിയൊരു ജനപക്ഷരാഷ്ട്രീയം ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ അഴിമതിയിലും നിരുത്തരവാദിത്വങ്ങളിലും ധാര്‍ഷ്ട്യത്തിലും അഭിരമിക്കുകയായിരുന്നു മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പഞ്ചായത്ത് സാരഥികള്‍ .
തുടക്കത്തില്‍ ഞാനും ഗ്രാമസഭകളിലൊക്കെ പങ്കെടുത്തിരുന്നു. പക്ഷെ യാതൊരു ഭാവനയുമില്ലാത്ത കക്ഷിരാഷ്ട്രീയം തലക്ക് പിടിച്ച , കക്ഷിരാഷ്ട്രീയത്തിനപ്പുറം കാര്യങ്ങള്‍ വാര്‍ഡ് തലത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഇവരുടെയൊക്കെ കൈയ്യില്‍ പഞ്ചായത്ത് രാജ് സംവിധാനം കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെ നിഷ്‌പ്രയോജനമാവുകയേയുള്ളു എന്ന് മനസ്സിലാക്കിയിട്ട് പിന്നെ പോകാറേയില്ല. പൌരന്മാര്‍ക്ക് നാട്ടിലെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ ഒരു വേദിയുമില്ല. എല്ലാം നിശബ്ദമായി സഹിക്കാനും എന്നാല്‍ നികുതികള്‍ കൃത്യമായി കൊടുക്കാനും മാത്രം വിധിക്കപ്പെട്ടവരാണ് അവര്‍ . അതിനൊരു മാറ്റമാണ് ഗ്രാമസഭകളിലൂടെ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഗ്രാമസഭകള്‍ അതാത് രാഷ്ട്രീയപാര്‍ട്ടി അനുഭാവികളുടെ കൂടിച്ചേരല്‍ മാത്രമായി പിന്നീട്. ക്രമേണ ഗ്രാമസഭകള്‍ കൂടാറുണ്ടോ എന്ന് പോലും ആരും അറിയാതായി. ഫണ്ടുകള്‍ കേന്ദ്രത്തില്‍ നിന്ന് വരുന്നു. ആരൊക്കെയോ എങ്ങനെയൊക്കെയോ ചെലവഴിക്കുന്നു. പഞ്ചായത്തുകളില്‍ ഒരു വികസനവും നടന്നില്ല.
ഈ അധ:പതനത്തിന്റെ ഒരു രേഖാചിത്രം ഈ ആഴ്ചയിലെ പ്രബോധനം വാരികയില്‍ സി.ദാവൂദ് എന്ന ലേഖകന്‍ മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു. ആ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഇസ്ലാമിക വീക്ഷണത്തിലൂടെയാണ് ആ ലേഖകന്‍ വിഷയം അവതരിപ്പിക്കുന്നതെങ്കിലും എല്ല്ലാവര്‍ക്കും ബാധകമാവുന്ന ലളിത സത്യങ്ങളാണ് അവയിലുള്ളത്. മറ്റൊന്ന് വികസന മുന്നണിയില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ജമാഅത്തേ ഇസ്ലാമിയാണെങ്കില്‍ തന്നെ ഞാന്‍ ജമാഅത്തേ ഇസ്ലാമിയെ അഭിനന്ദിക്കുകയും ഈ മുന്നണിയെ നാളെയുടെ പ്രതീക്ഷയായി കാണുകയും ചെയ്യുന്നു.
ഇനി സാമാന്യം ദീര്‍ഘമായ ആ ലേഖനത്തിലേക്ക് :
വലിയ സ്വപ്നങ്ങളുമായാണ് നാം പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി അത് അവതരിപ്പിക്കപ്പെട്ടു. തുടക്കത്തില്‍ ഗ്രാമീണ, പ്രാദേശിക തലങ്ങളില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കാനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കും ജനകീയാസൂത്രണത്തിനുമൊക്കെ കഴിയുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് നിന്ന് മാത്രം തീരുമാനിക്കപ്പെട്ടിരുന്ന കാര്യങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചില റോളുകളുണ്ട് എന്ന തിരിച്ചറിവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. സ്കൂളുകള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ തുടങ്ങി ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാതെ 'ഭാര്‍ഗവീ നിലയങ്ങള്‍ ’ കണക്കെ നിലനിന്നിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഇളക്കങ്ങള്‍ വന്നു തുടങ്ങി. ' ആപ്പീസര്‍ ’മാരുടെ ദൈവിക പരിവേഷത്തിന് മേല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ഉണര്‍വിനോടൊപ്പം തന്നെ, പുതിയൊരു തലമുറയുടെ രംഗപ്രവേശവും കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കി. അതായത്, ആഗോളീകരണത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും വിപുലനത്തോടൊപ്പം വളര്‍ന്നുവന്ന പുതിയ തലമുറ, പഴയ ചുവപ്പുനാട വികസനത്തിലും സര്‍ക്കാര്‍ വിലാസം മന്ദഗതി സര്‍വീസിലും അമര്‍ഷമുള്ളവരായിരുന്നു. വിദ്യാഭ്യാസമ്പന്നരായ ആ തലമുറയോട് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പഴയ ഫ്യൂഡല്‍ മൂല്യങ്ങളുമായി ഫയലുകള്‍ താങ്ങി കഴിഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ .
രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ തലമുറയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത നിലയിലായി. വിദ്യാഭ്യാസ വളര്‍ച്ച, ഗള്‍ഫ്- ഐ.ടി മേഖലകളിലൂടെ വന്ന സാമ്പത്തിക ഉണര്‍വുകള്‍ , സ്ത്രീകളുടെ മുന്നേറ്റം, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിലും അഭിരുചികളിലും വന്ന മാറ്റം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, മാധ്യമങ്ങളുടെ കൂടുതല്‍ പ്രാദേശികമായ ഇടപെടലുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചായത്തുകളെ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങളെല്ലാം വിവിധ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലെയുള്ള പ്രസ്ഥാനങ്ങള്‍ വമ്പിച്ച പ്രതീക്ഷകള്‍ ജനിപ്പിക്കുകയും സാമൂഹിക ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രതീതിയുളവാക്കുകയും ചെയ്തത്.
എന്നാല്‍ ഈ പ്രവേഗ ശക്തിയെ വേണ്ടവിധം ഉപയോഗപ്പെടുത്താനും കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനക്കുറവാണ് അതില്‍ പ്രധാനപ്പെട്ടൊരു കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും പുതുകാല യാഥാര്‍ഥ്യങ്ങളോട് സംവദിച്ച് മുന്നോട്ട് പോവാനും പറ്റുന്ന നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തൊഴില്‍ , വ്യാവസായിക, സേവന സംരംഭങ്ങളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന മലയാളികളായ ചെറുപ്പക്കാരുടെ വലിയൊരു നിര നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവരുടെ ആ കഴിവുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തി, വികസന പ്രക്രിയയില്‍ ഇഴചേര്‍ക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിഭകളുടെ കൂട്ടപലായനത്തിന്റെ ദേശമായി നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ മാറി. പ്രതിഭാ ദാരിദ്യ്രം കൊണ്ട് സമ്പന്നരായ ആളുകള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായി വിലസി.
അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂമിയും വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യവുമുള്ള ഒരു സംസ്ഥാനത്തിന് പക്ഷേ, വികസന രംഗത്ത് അതിനനുപാതമായി മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഉല്‍പാദന രംഗം സമ്പൂര്‍ണമായി മുരടിക്കുകയും ഉപഭോഗവും അനുബന്ധ സേവനപ്രവര്‍ത്തനങ്ങളും മാത്രം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നെടുംതൂണാവുകയും ചെയ്തു. 'ദൈവത്തിന്റെ സ്വന്തം ഷോപ്പിംഗ് മാള്‍ ‘ എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിളിക്കാവുന്ന അവസ്ഥയാണിന്ന്. ആളുകള്‍ ഷോപ്പിംഗ് നടത്തുന്നു, ഉപഭോഗം വര്‍ധിക്കുന്നു എന്നതൊക്കെ അപകടകരമായ പ്രവണതകളാണ് എന്ന പതിവ് സദാചാര വിലാപമല്ല ഇവിടെ ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വ്യാപനം തീര്‍ച്ചയായും സാമ്പത്തികമായ ഉണര്‍വിന്റെ ലക്ഷണങ്ങളിലൊന്ന് തന്നെയാണ്. പക്ഷേ, ഈ ഉപഭോഗത്തിന് ഉപയോഗിക്കുന്ന പണം എവിടെ നിന്ന് വരുന്നു, നമ്മുടെ ഉല്‍പാദന പ്രക്രിയക്ക് ആ പണം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുണ്ട്, ആ പണം എങ്ങോട്ടൊഴുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് അത്യന്തം ലോലമായ ഒരു 'കുമിള' സാമ്പത്തിക വ്യവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാവുക. കുറെ കാലം കഴിഞ്ഞാല്‍ നികുതിയടക്കാന്‍ പ്രയാസപ്പെടുന്ന, നികുതിയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചു കളയാന്‍ ബുദ്ധിമുട്ടുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമാണോ പ്രതിഭാധനരായ നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയും അധ്വാനിച്ച് നാടിന് നേടിക്കൊടുത്തതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. നാടിന്റെ ഉല്‍പാദന-സേവന-സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മകോശങ്ങളെ ചടുല സജീവമാക്കുന്നതില്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ അപകടകരമായ രീതിയില്‍ പരാജയപ്പെട്ടു. ഇങ്ങനെ സജീവമാക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതല പങ്കുവഹിക്കാന്‍ കഴിയുക പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കായിരുന്നു.
അസഹ്യമായ രാഷ്ട്രീയവത്കരണം തന്നെയാണ് പഞ്ചായത്ത് സ്ഥാപനങ്ങളെ ഈ വിധം ഊഷരഭൂമിയാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന ഏര്‍പ്പാട് ആന്ധ്രാപ്രദേശില്‍ ഇല്ലത്രെ. പ്രാദേശിക ഭരണത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ദൌര്‍ഭാഗ്യവശാല്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ ഗ്രാമ പഞ്ചായത്തുകളില്‍ ഏതെങ്കിലും രാഷ്ട്രീയ മുന്നണി പലപ്പോഴും അധികാരത്തില്‍ എത്താറുള്ളത്. ഇവര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും കൂറുമാറ്റവും മുന്നണി മാറ്റവും പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിഷ്ക്രിയമാക്കാറുണ്ട്. രാഷ്ട്രീയ താല്‍പര്യവും അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും മറ്റും നോക്കിക്കൊണ്ട് മാത്രം വികസനത്തിന്റെ വിതരണം നടക്കുന്നു. സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോഴും രാഷ്ട്രീയത്തിന് തന്നെയാണ് എപ്പോഴും പ്രാമുഖ്യവും പ്രാധാന്യവും.
നാടിന്റെ തീരാശാപമായ അഴിമതി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ ആന്തരികമായി തകര്‍ക്കുന്ന ഏറ്റവും വലിയ വിപത്ത്. കോടിക്കണക്കിന് രൂപയാണ് പ്രാദേശിക വികസനത്തിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് വര്‍ഷവും വരുന്നത്. ശാസ്ത്രീയമായും, ഭാവനയോടെയും അഴിമതി രഹിതമായും ചെലവഴിക്കപ്പെട്ടിരുന്നെങ്കില്‍ ഗ്രാമീണ തലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതായിരുന്നു ഇത്. എന്നാല്‍ അധികാരത്തിന്റെ വികേന്ദ്രീകരണത്തോടു കൂടി അഴിമതിയുടെ വികേന്ദ്രീകരണമാണ് യഥാര്‍ഥത്തില്‍ നടന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കുക; അതില്‍ നിന്ന് കമീഷന്‍ പറ്റുക എന്നതാണ് പഞ്ചായത്തുകളില്‍ സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ, പ്രതിപക്ഷ ഭേദമന്യേ ഈ കമീഷന്‍ പങ്കുവെക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതിനാല്‍ തന്നെ കാര്യമായ ജനശ്രദ്ധയും പ്രതിഷേധങ്ങളുമില്ലാതെയാണ് അഴിമതിയുടെ ഈ വികേന്ദ്രീകൃതാസൂത്രണം മുന്നേറുന്നത്.
ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അനിവാര്യമായും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെന്തൊക്കെ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ, അതിനു വേണ്ടി എത്ര തുക പാസ്സാക്കിയെടുത്തു, എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ അതത് പഞ്ചായത്തിലുള്ളവര്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അഴിമതിയുടെ തദ്ദേശ പര്‍വം അതിന്റെ വിശ്വരൂപത്തില്‍ വന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.
ഈ കാഴ്ചപ്പാടുകളില്‍ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ജാതി മത ഭേദമന്യെ കൂട്ടിയിണക്കി പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെങ്ങും രൂപപ്പെട്ടു കഴിഞ്ഞു. നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ ഈ ജനകീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞതായാണ് അനുഭവം. അഴിമതിയില്‍ ഐക്യമുന്നണിയായ ഇരുമുന്നണികളും ഈ പുതിയ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനകീയ മുന്നണികള്‍ ശക്തമായ പല സ്ഥലങ്ങളിലും ഇടതും വലതും യോജിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ ഉണ്ടാവുന്നത് അതുകൊണ്ടാണ്.
ജനസേവന രംഗത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമയ നിഷ്ഠയോടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തതിന്റെ വലിയ അനുഭവ പാരമ്പര്യം ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ഭരണകൂടത്തിന്റെയോ പിന്തുണയോടെയല്ല, പ്രസ്ഥാനം ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ട് പോയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പങ്കാളിത്തം ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 'ജനസേവനം ദൈവാരാധന' എന്നു വിശ്വസിക്കുന്ന സംഘം ജനസേവനത്തിന്റ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
എല്ലാറ്റലുമപരി, ഇടതു-വലതു മുന്നണികള്‍ പങ്കുവെച്ച് നശിപ്പിച്ച മനോഹരമായ ഈ സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് രൂപപ്പെടേണ്ടത്. ആകര്‍ഷകമായ മുദ്രാവാക്യങ്ങളും ആരവങ്ങളും ഉയര്‍ത്തിയതു കൊണ്ട് മാത്രം അത്തരമൊരു പ്രസ്ഥാനം രൂപപ്പെടുകയില്ല. അടിത്തട്ടില്‍ ജനങ്ങളെ സംഘടിപ്പിച്ചും ജനങ്ങളുടെയും നാടിന്റെയും വികസന പ്രക്രിയയില്‍ ഇടപെട്ടും കൊണ്ട് മാത്രമേ അത്തരമൊരു പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. അത്തരമൊരു മഹത്തായ മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍ . നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഈ സംഘങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ